തിരുവനന്തപുരം > സംസ്ഥാന വികസനത്തിന്റെ രജതരേഖയാകുന്ന കാസർകോട്–- തിരുവനന്തപുരം അർധഅതിവേഗ റെയിൽപ്പാത(സിൽവർലൈൻ പദ്ധതി) നിർമാണത്തിൽ നിർണായക ഘട്ടം പിന്നിട്ട് സംസ്ഥാനം. റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയോടെയാണ് പ്രവർത്തനം.
പദ്ധതിക്കുള്ള സാമ്പത്തിക സമാഹരണത്തിനായി ഏഷ്യൻ വികസന ബാങ്ക്, ജൈക്ക, ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്, ജർമൻ ബാങ്ക് കെഎഫ്ഡബ്ല്യു തുടങ്ങിയ അന്താരാഷ്ട്ര ധന ഏജൻസികളെ കേന്ദ്ര ധനമന്ത്രാലയം വഴി സമീപിച്ചിട്ടുണ്ട്. റെയിൽവേ ബോർഡ്, കേന്ദ്ര ധന (ചെലവ്) വകുപ്പ്, നിതി ആയോഗ് എന്നിവയുടെ അനുമതിയുമുണ്ട്. പദ്ധതിയെ കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിലേക്ക് ഇവരാണ് ശുപാർശ ചെയ്തത്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപ സമാഹരിക്കാൻ ഹഡ്കോ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, കിഫ്ബി എന്നിവയുമായി ചർച്ച പുരോഗമിക്കുന്നു. കിഫ്ബിയിൽനിന്ന് 2100 കോടി രൂപയുടെ വായ്പയ്ക്ക് ഭരണാനുമതിയും നൽകി. പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതിയുള്ളതിനാൽ പ്രാഥമിക ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങണം. സാമൂഹ്യാഘാത പഠനം, ഭൂമി അളക്കൽ എന്നിവയും പുരോഗമിക്കുന്നു.
പരിസ്ഥിതി സൗഹൃദ പദ്ധതി
പദ്ധതിക്ക് പാരിസ്ഥിതിക പഠനം ആവശ്യമില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. താരതമ്യേന ജനവാസം കുറഞ്ഞ മേഖലയിലാണ് പദ്ധതി. 74 ശതമാനം ഭൂപ്രതലവും 26 ശതമാനം ആകാശപാത അല്ലെങ്കിൽ തുരങ്കപാതയുമാണ്. വനപ്രദേശം പൂർണമായും ഒഴിവാക്കി. 115 കിലോമീറ്റർ നെൽപ്പാടങ്ങളിൽ 88 കിലോമീറ്ററും ആകാശപാതയായാണ്. ജലാശയം, തണ്ണീർത്തടം എന്നിവയുടെ സംരക്ഷണത്തിന് പാലങ്ങളും കൾവർട്ടുകളും നിർമിക്കും.
തീരനിയന്ത്രണ മേഖലാ അനുമതിക്കായി നാഷണൽ സെന്റർ ഫോർ സസ്റ്റയിനബിൾ കോസ്റ്റൽ മാനേജ്മെന്റിനെ സമീപിച്ചു. സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് പഠനത്തിനുപുറമെയാണിത്. കണ്ടൽക്കാട് സംരക്ഷണ സമഗ്ര പരിപാടിയും നദികളിലെ ഹൈഡ്രോളജിക്കൽ സർവേയും പദ്ധതിയുടെ ഭാഗമാകും. ഹരിതമാനദണ്ഡം പാലിച്ചാകും നിർമാണം.
സിൽവർ ലൈനിനെതിരെ വി മുരളീധരൻ
തിരുവനന്തപുരം > കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. പദ്ധതി കേരളത്തിന് ദോഷമാണ്. പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നതടക്കമുള്ള കേന്ദ്രസർക്കാർ നിലപാടുകൾ പൊതുനയമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം ഏറ്റെടുക്കാൻ ധനന്ത്രാലയം അനുമതി നൽകിയെന്നത് തെറ്റിദ്ധാരണയാണ്. പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് വിഗദ്ധർ പറയുന്നത്. നിലവിലുള്ള ലൈനിൽ മാറ്റങ്ങൾ വരുത്തി അതിവേഗ ട്രെയിനുകൾ വർധിപ്പിച്ച് പുതിയക്രമീകരണം വരുത്താൻ സാധിക്കുമെന്നാണ് ബോർഡിന്റെ അഭിപ്രായം. പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേയുടെ നിലപാടെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ റെയിലുമായി സർക്കാർ മുന്നോട്ടുപോകും: മന്ത്രി അബ്ദുറഹ്മാൻ
കോഴിക്കോട് > കെ റെയിൽ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സാങ്കേതിക–-സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധരുമായി ചർച്ച നടത്തി മറുപടി നൽകും. പദ്ധതിയോട് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നും മന്ത്രി വാർത്താലേഖകരോട് പറഞ്ഞു.