ദുബായ്: ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നിലെ യുക്തിയെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടാൻ താല്പര്യമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വിവാദങ്ങൾ തേടുന്നവർക്ക് തീറ്റ നൽകാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎഎയിൽ നടന്ന ഐപിഎല്ലിന് മുൻപായാണ് കോഹ്ലി ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയത്. അതിനു പിന്നാലെ അങ്ങനെയൊരു തീരുമാനത്തിനുള്ള കാരണമെന്താകും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുകയാണ്. അതിനിടയിലാണ് അവയ്ക്ക് കൂടുതൽ ഇന്ധനം നല്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോഹ്ലി വ്യക്തമാക്കിയിരിക്കുന്നത്.
“ഞാൻ തന്നെ അത് ഒരുപാട് വിശദീകരിച്ചിട്ടുണ്ട് ഇനിയും അതിൽ മറുപടി പറയണം എന്ന് ഞാൻ കരുതുന്നില്ല.” ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച തീരുമാനത്തിന് കാരണം ചോദിച്ചപ്പോൾ കോഹ്ലി പറഞ്ഞു.
“ഈ ലോകകപ്പിൽ നന്നായി കളിക്കുകയും ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് വേണ്ടത് ചെയ്യുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധ. ബാക്കിയുള്ളവർ ഇല്ലാത്ത കാര്യങ്ങൾ കുഴിച്ചെടുക്കാൻ ശ്രമിക്കുകയാണ്, ഞാൻ ഒരിക്കലും അതിന് തീറ്റ കൊടുക്കാൻ പോകുന്ന ആളല്ല,” ചോദ്യത്തിൽ പ്രകോപിതനായ കോഹ്‌ലി പറഞ്ഞു.
അതേസമയം, കോഹ്‌ലിക്ക് നായക സ്ഥാനം ഒഴിയാൻ ഒരുതരത്തിലുമുള്ള സമ്മർദ്ദവുമുണ്ടായിരുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നെന്നും സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
“വിരാട് കോലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ഈ തീരുമാനം ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമായിരുന്നു, അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു സമ്മർദ്ദവും ഉണ്ടായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തോട് ഒന്നും പറഞ്ഞിട്ടില്ല,” ബിസിസിഐ പ്രസിഡന്റായ ഗാംഗുലി പറഞ്ഞു.
Also Read: കോഹ്ലി മനുഷ്യനാണ്, യന്ത്രമല്ല; വീഴ്ചകളുണ്ടാകുമെന്ന് ഗാംഗുലി
“ഞങ്ങൾ അത്തരത്തിലുള്ള ഒന്നും ചെയ്യുന്നില്ല, കാരണം ഞാൻ തന്നെ ഒരു കളിക്കാരനാണ്, ഇത്രയും കാലം എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് ഞാൻ മനസിലാക്കുന്നു.”
“ഞാൻ ആറ് വർഷം ക്യാപ്റ്റനായിരുന്നു, അത് പുറത്ത് നിന്ന് നന്നായി കാണപ്പെടുന്നു, ബഹുമാനവും എല്ലാം ഉണ്ട്. എന്നാൽ നിങ്ങൾക്ക് ഉള്ളിൽ പൊള്ളലേറ്റ പോലെയാണ്, ഏത് ക്യാപ്റ്റനും ഇതാണ് സംഭവിക്കുക. സച്ചിനോ ഗാംഗുലിയോ ധോണിയോ കോഹ്‌ലിയോ മാത്രമല്ല, അടുത്തതായി വരാനിരിക്കുന്ന ക്യാപ്റ്റനും ഇത് സംഭവിക്കും. ഇത് ബുദ്ധിമുട്ടുള്ള ജോലിയാണ്.” ഗാംഗുലി പറഞ്ഞു.
The post വിവാദങ്ങൾ തേടുന്നവർക്ക് അത് നൽകാൻ ഉദ്ദേശമില്ല: വിരാട് കോഹ്ലി appeared first on Indian Express Malayalam.