എറണാകുളം: ഫോർട്ടുകൊച്ചി മാന്ത്രയിൽ പ്രധാന റോഡിലെ കാനപണി കൃത്രിമം കാണിച്ച സംഭവത്തിൽ പ്രവൃത്തി മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് നടപടി. അസിസ്റ്റന്റ്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യുവാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കാന പുതുക്കി നിർമ്മിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പഴയ കാനയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിഞ്ഞത്. വെള്ളത്തിൽ കിടക്കുന്ന സിമന്റിൽ പണിക്കാരൻ കൈപ്പാണി വെച്ച് തേയ്ക്കുന്നുമുണ്ടായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ നടക്കുന്ന തട്ടിക്കൂട്ട് പണി നാട്ടുകാർ തന്നെ ചിത്രീകരിക്കുകയായിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു. പിറ്റേന്നുതന്നെ കാനയുടെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു.
Content Highlights: Viral drainage work video from Fort Kochi