ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം കോഹ്ലിയുടേത് മാത്രമായിരുന്നെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ബിസിസിഐയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഗാംഗുലി വ്യക്തമാക്കി. ലോകകപ്പിന് ശേഷം ട്വന്റി 20യില്‍ കളിക്കാരനായി മാത്രമെ താന്‍ ടീമിലുണ്ടാകു എന്ന് കോഹ്ലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
“കോഹ്ലിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ആ തീരുമാനമെടുത്തത്. അത് അയാളുടെ തീരുമാനമാണ്. കോഹ്ലിയുമായി സംസാരിച്ചിട്ടില്ല, സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഞങ്ങള്‍ ആര്‍ക്കും സമ്മര്‍ദം കൊടുക്കാറില്ല. ഞാനും ഒരു താരമായിരുന്നു, അതിനാല്‍ അത്തരം കാര്യങ്ങള്‍ ചെയ്യില്ല,” ഗാംഗുലി ആജ് തക്കിനോട് പറഞ്ഞു.
“ഇപ്പോള്‍ ഒരുപാട് മത്സരങ്ങള്‍ സംഭവിക്കുന്നുണ്ട്. നിരവധി ഫോര്‍മാറ്റുകളില്‍ ടീമിനെ നയിക്കുക അത്ര എളുപ്പമല്ല. നായകനാകുമ്പോള്‍ പ്രശസ്തിയും ബഹുമാനവും ലഭിക്കും. എന്നാല്‍ മാനസിക ബുദ്ധിമുട്ടുകളെ തരണം ചെയ്യണം. ഇത് വിരാട് കോഹ്ലി, എം.എസ്. ധോണി, ഗാംഗുലി എന്നിവര്‍ക്ക് മാത്രമല്ല. ഭാവിയില്‍ വരാനിരിക്കുന്ന ക്യാപ്റ്റന്മാര്‍ക്കും സമ്മര്‍ദം ഉണ്ടാകും,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കോഹ്ലി സെഞ്ചുറി നേടാത്തതിനെക്കുറിച്ചും ഗാംഗുലി പറഞ്ഞു. അത് സംഭവിക്കും. “ഏറെക്കാലമായി കളിക്കുന്ന താരമാണ് കോഹ്ലി. എല്ലാ സീസണുകളും ഒരുപോലെ ആയിരിക്കണമെന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്, യന്ത്രമല്ല. പ്രകടനം വളരെ മികച്ചതായിരുന്നു. പിന്നീട് താഴ്ന്നു. ഇനിയും അത് ഉയരും,” ഗാംഗുലി പറഞ്ഞു.
Also Read: ട്വന്റി 20 ലോകകപ്പിന്റെ 14 വർഷങ്ങള്‍; ആവേശം നിറച്ച നിമഷങ്ങളിലേക്ക്
The post കോഹ്ലി മനുഷ്യനാണ്, യന്ത്രമല്ല; വീഴ്ചകളുണ്ടാകുമെന്ന് ഗാംഗുലി appeared first on Indian Express Malayalam.