ദുബായ് > ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ യന്ത്ര ഊഞ്ഞാൽ ദുബായിൽ. ഐൻ ദുബായ് (ദുബായിയുടെ കണ്ണ്) എന്നാണ് ഇതിന്റെ പേര്. വെറും ഊഞ്ഞാലാട്ടം മാത്രമല്ല, ദുബായ് മുഴുവൻ 360 ഡിഗ്രി യിൽ നോക്കികാണാൻ ഇനി ഇതിൽ കയറിയാൽ മതി. ദുബായിലെ താമസക്കാരുടെ ജീവിത നിലവാരം സമ്പുഷ്ടമാക്കുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങളാണ് ദുബായ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും സന്തോഷം നൽകുന്ന രാജ്യമായി ദുബായിയെ മാറ്റുക എന്നുള്ളതാണ് അധികാരികളുടെ ലക്ഷ്യം. ദുബായ് ബ്ലൂ വാട്ടേഴ്സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നിരീക്ഷണ ചക്രം സന്ദർശകർക്ക് സവിശേഷ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
9 ദശലക്ഷം മനുഷ്യ മണിക്കൂർ ചിലവിട്ടാണ് ഈ കൂറ്റൻ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. യന്ത്രത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ രണ്ടു ക്രെയിനുകളാണ് ഉപയോഗിച്ചത്. ഈ ചക്രത്തിന്റെ നിർമാണത്തിന് ഈഫൽ ടവറിനേക്കാൾ 33% സ്റ്റീൽ ( 1,200 ടൺ സ്റ്റീൽ) അധികമായി വേണ്ടി വന്നു. പത്തോളം രാജ്യങ്ങളുടെ എൻജിനീയറിങ് അത്ഭുതങ്ങൾ കൊണ്ട് തീർത്ത ഈ അത്ഭുത ചക്രം, ദുബായ് പാർക്കുകളും റിസോർട്ടുകളും, ഗ്ലോബൽ വില്ലേജ്, കൊക്കക്കോള അരീന, റോക്സി സിനിമാസ്, വിവിധ വാട്ടർ പാർക്കുകൾ എന്നിവ രാജ്യത്തിന് സമ്മാനിച്ച ദുബായ് ഹോൾഡിങ് ആണ് നിർമിച്ചത്. 48 ക്യാബിനുകളിൽ ഒരേസമയം 1750ൽ അധികം സന്ദർശകരെ വഹിക്കുന്ന ചക്രം ഒരു കറക്കം പൂർത്തിയാക്കാൻ 38 മിനിറ്റാണ് എടുക്കുക.
ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നിരീക്ഷണ ചക്രം ഉദ്ഘാടനം ചെയ്തു. ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി, ദുബായ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് കൗശൽ, ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സൈദ് അൽ മറി, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽഹജ്രി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.















