തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ 56 അംഗ പട്ടിക പുറത്തുവന്നതോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ചേർന്ന് നിൽക്കുന്നവർക്ക് പ്രാധാന്യം കൂടി. പട്ടിക തയ്യാറാക്കുന്നതിൽ കെ.സി വേണുഗോപാൽ ഇടപെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറയുമ്പോഴും മൂന്നിലൊന്ന് ജനറൽ സെക്രട്ടറിമാരും കെ.സി. വേണുഗോപാൽ പക്ഷക്കാരാണ്.
ആകെയുള്ള 23 ജനറൽ സെക്രട്ടറിമാരിൽ പഴകുളം മധു, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, ജോസി സെബാസ്റ്റ്യൻ, പി.എ നിയാസ്, കെ.കെ. എബ്രഹാം, ദീപ്തി മേരി വർഗീസ് എന്നിവർ കെ.സിയോട് അടുപ്പമുള്ളവരാണ്.
എഴ് ജനറൽ സെക്രട്ടറിമാർ കെ.സി പക്ഷത്തുള്ളവരാണ്. ഇതിനുപുറമെ കെ.പി.സി.സി എക്സിക്യൂട്ടീവിലും കെ.സി. വിഭാഗത്തിന് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ജോർജ് മാമൻ കോണ്ടൂർ, ആലപ്പുഴയിൽ നിന്നുള്ള അഡ്വ.ജോൺസൺ എബ്രഹാം എന്നിവർ കെ.സി പക്ഷത്തുള്ളവരാണ്.
28 നിർവാഹക സമിതി അംഗങ്ങളും പട്ടികയിലുണ്ട്. പത്മജ വേണുഗോപാൽ, ഡോ. പിആർ സോനയും നിർവാഹക സമിതിയിലുണ്ട്. അതേസമയം വിഎം സുധീരൻ നൽകിയ പേരുകൾ പൂർണമായും പട്ടികയിൽ നിന്നൊഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. ഒരു സമിതിയിലും ഉൾപെട്ടിട്ടില്ലാത്ത ശിവദാസൻ നായർ അതൃപ്തിയിലാണ്. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം കൊടുക്കാം എന്ന ഉപാധിയിലാണ് അദ്ദേഹത്തെ തണുപ്പിച്ചിരിക്കുന്നത്.
പാർട്ടിക്കുള്ളിൽ കെ.സി. വേണുഗോപാർ പിടിമുറുക്കുന്നതിനെ അമർഷത്തോടെ കണ്ടുനിൽക്കുകയാണ് എ, ഐ ഗ്രൂപ്പുകൾ. എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകിയെന്നും പാർട്ടി നന്നാകണമെന്ന് ആഗ്രഹമുള്ളവർ ഇതിനെ വിമർശിക്കില്ലെന്നുമാണ് കെ.സുധാകരൻ പറഞ്ഞത്. രണ്ട് ഗ്രൂപ്പുകൾക്കുമുള്ള പരോക്ഷമായ മുന്നറിയിപ്പാണ്.
പരസ്യപ്രതികരണങ്ങൾക്ക് ആരും മുതിരാതിരിക്കാനുള്ള മുൻകരുതലാണ് സുധാകരൻ നടത്തിയത്. കെ.പി.സി.സി നൽകിയ പട്ടിക ഹൈക്കമാൻഡ് അതേപടി അംഗീകരിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വാദം. കെ.സി. വേണുഗോപാൽ വിഭാഗത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന പട്ടിക വന്നത് ബാക്കിയുള്ളവരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പട്ടികയെ ചൊല്ലിയുള്ള അപസ്വരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.