തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ ചൊല്ലിയുള്ള തർക്കങ്ങളെ തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പട്ടികയിൽ പൊതുവേ എല്ലാവരും സന്തോഷത്തിലാണെന്നാണ് തനിക്ക് കിട്ടിയ പ്രതികരണം. പട്ടികയിൽ എല്ലാവർക്കും പ്രാതിനിധ്യമുണ്ടായിരുന്നതായി തിരുവഞ്ചൂർ പ്രതികരിച്ചു.
പദവികളിലേക്ക് വന്നവരെല്ലാം പ്രഗത്ഭരായവരാണ്. അംഗീകാരം കിട്ടേണ്ടവർ വേറെയുമുണ്ട്. ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കിൽ അവരെ അടുത്തഘട്ടങ്ങളിൽ പരിഗണിക്കും. പട്ടിക പൊതുചർച്ചയാക്കാതെ പോസിറ്റീവായി കാണണം.
പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന്റെ പരസ്യ പ്രതികരണത്തെ കുറിച്ച് ചർച്ചയ്ക്കില്ല. തർക്കവിഷയമാക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താൻ. പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് മുന്നോട്ടുപോവണം. അത് പറഞ്ഞുതീർത്ത് മുന്നോട്ടുപോവണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ ചൊല്ലി എ-ഐ ഗ്രൂപ്പുകൾക്കിടയിൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്. പട്ടികയിൽ ഐ വിഭാഗക്കാർ മേൽക്കൈ നേടിയെന്നാണ് എ ഗ്രൂപ്പുകാരുടെ ആരോപണം.
അതൃപ്തി പരസ്യപ്പെടുത്തി കെ മുരളീധരൻ രംഗത്തെത്തി. പുതിയ ഭാരവാഹിപ്പട്ടികയെ അനുകൂലിക്കുന്നില്ല. അച്ചടക്കമുള്ളതുകൊണ്ട് എതിർക്കുന്നില്ലെന്നം അദ്ദേഹം പ്രതികരിച്ചു.
ഒരു മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകാരം നൽകിയത്. നാലു വൈസ് പ്രസിഡന്റുമാരും 23 ജനറൽ സെക്രട്ടറിമാരും 28 നിർവാഹകസമിതി അംഗങ്ങളും ഖജാൻജിയുമുൾപ്പെടെ 56 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്.
Content Highlights:Congress leader Thiruvanchoor Radhakishnan on KPCC new office bearers list















