ന്യൂഡൽഹി
കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടിസ്ഥാനശമ്പളത്തിന്റെ 28 ശതമാനത്തിൽനിന്ന് 31 ശതമാനമായാണ് കൂട്ടിയത്. വർധന 9488.7 കോടി അധികബാധ്യതയുണ്ടാക്കും. 47.14 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.
വർഷത്തിൽ രണ്ട് ഡിഎ വർധനയാണ് കേന്ദ്ര ജീവനക്കാർക്ക് കിട്ടാറുള്ളത്. 2020 ജനുവരി, ജൂലൈ, 2021 ജനുവരി എന്നീ ഘട്ടങ്ങളിൽ ലഭിക്കേണ്ടിയിരുന്ന വർധന കേന്ദ്രം കോവിഡിന്റെ പേരിൽ തടഞ്ഞു. സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂലൈയിൽ മൂന്ന് വർധന ഒന്നിച്ച് നൽകാൻ തീരുമാനമായി. ഇതോടെ ഡിഎ 17 ശതമാനത്തിൽനിന്ന് 28 ശതമാനമായി.