കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ എന്ത് അധികാരത്തിന്റെ പേരിലാണ് പോലീസ് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്നും കോടതി പറഞ്ഞു. വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകിയതിനേയും കോടതി വിമർശിച്ചു.
ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വംബോർഡ് ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് പോലീസും സർക്കാരും ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നത്, വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണോയെന്നും കോടതി ചോദിച്ചു. ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് കോടതി പറയുമ്പോൾ സർക്കാർ കൂടുതൽ വിശദീകരണം ഈ വിഷയത്തിൽ നൽകേണ്ടി വരും.
അതേസമയം വെർച്വൽ ക്യൂ സംവിധാനം 2011 മുതൽ ഏർപ്പെടുത്തിയതാണെന്നും തിരക്ക് നിയന്ത്രിക്കുകയെന്ന നല്ല ഉദ്ദേശത്തോടെയാണ് സംവിധാനം നടപ്പിലാക്കിവരുന്നതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരിച്ചു. ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന് അവകാശമുണ്ടോയെന്ന ചോദ്യമാണ് ഹൈക്കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുന്നതിനേയും കോടതി വിമർശിച്ചു.
Content Highlights: HC on virtual queue in sabarimala