തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വെമ്പായം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം വേറ്റിനാട് സജീവിനെ (43) ആണ് വീടിന് സമീപത്തുള്ള തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രഭാതസവാരി കഴിഞ്ഞു തിരിച്ചെത്താനുള്ള സമയം കഴിഞ്ഞതോടെ വീട്ടുകാരും ബന്ധുക്കളും തിരക്കി ഇറങ്ങിയിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സുഹൃത്തുക്കളെയും പ്രദേശത്തുള്ളവരെയും വിവരമറിയിച്ചു. തുടർന്ന് സജീവിനെ കാണാനില്ലെന്ന പരാതിയും നൽകി. അതിനിടയിലാണ് പരിസരത്തുനിന്നും മൃതദേഹം ലഭിച്ചത്.
നവീൻ ഗ്രാനൈറ്റ്സ് ജനറൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തികമായോ മറ്റു യാതൊരു പ്രശ്നങ്ങളും സജീവിനില്ലെന്നും ആത്മഹത്യ ചെയ്യുവാൻ തക്കതായ ഒരു കാരണവും ഇല്ലെന്നും നാട്ടുകാർ പറയുന്നു
ഭാര്യ ഷീബ റാണിയും രണ്ടു കുട്ടികളും ഭാര്യ മാതാവുമാണ് വീട്ടിലുള്ളത്. എല്ലാ ദിവസവും പുലർച്ചെ മകനൊപ്പമാണ് നടക്കാൻ പോകുന്നത്. എന്നാൽ ഇന്നു പുലർച്ചെ കാൽമുട്ട് വേദനയുള്ളതിനാൽ മകൻ നടക്കാൻ പോയില്ലെന്നും നാട്ടുകാർ പറയുന്നു
പ്ലാസ്റ്റിക് കയർ കഴുത്തിൽ ചുറ്റിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു.