കൊച്ചി: ആലുവ സ്വദേശിക്ക് ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവത്തിൽ മുഴുവൻ തുകയും തിരികെ നൽകി ആമസോൺ. ആമസോൺ പേ കാർഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടിൽ തിരിച്ചെത്തിയതായി പണം നഷ്ടപ്പെട്ട നൂറുൽ അമീൻ പറഞ്ഞു. ആലുവ റൂറൽ പോലീസിന്റെ അന്വേഷണത്തെ തുടർന്നാണ് പണം തിരികെ ലഭിച്ചത്.
ഒക്ടോബർ 12ന് ഐഫോൺ-12 ബുക്ക് ചെയ്ത നൂറുൽ അമീന് ഒക്ടോബർ 15നാണ് പാക്കേജ് ലഭിച്ചത്. ആമസോൺ പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോൾ ഐഫോൺ ബോക്സിനകത്ത് വാഷിങ് സോപ്പ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.
അപ്പോൾ തന്നെ ആമസോണിൽ പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകുകയും ചെയ്തു. എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലിസ് സ്റ്റേഷൻ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായും പോലീസ് ബന്ധപ്പെട്ടു.
നൂറുൽ അമീറിന് ലഭിച്ച ഒറിജിനൽ ഫോൺ കവറിൽ ഐ.എം.ഇ.ഐ നമ്പർ ഉണ്ടായിരുന്നു. അതിൽ നിന്നും ഈ ഫോൺ ജാർഖണ്ഡിൽ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറിൽ തന്നെ ആപ്പിളിന്റെ സൈറ്റിൽ ഫോൺരജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ഫോൺ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വഷണം മുറുകുന്നതിനിടയിൽ ഫോൺ സ്റ്റോക്ക് ഇല്ലാത്തതിനാൽ പണം തിരികെ നൽകാമെന്നു പോലീസിനോടു പറയുകയും നൂറുൽ അമീന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.
പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാർത്തിക് പറഞ്ഞു. സൈബർ പോലീസ് ഇൻസ്പെക്ടർ ബി. ലത്തീഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എം. തൽഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
കഴിഞ്ഞ മാസം പറവൂരുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്പ്ടോപ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പോലിസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നു വരികയാണ്.
content highlights:soap instead of iphone, amazon refunded the customer