കൊച്ചി> ശബരിമലയില് ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ സംവിധാനം പൊലീസിന്റെ നിയന്ത്രണത്തില് തന്നെ തുടരണമെന്നതില് നിലപാടറിയിക്കുന്നതിന് സര്ക്കാര് ഹൈക്കോടതിയില് സാവകാശം തേടി. വെര്ച്വല് ക്യൂവിന്റെ നിയന്ത്രണം പൊലീസില് നിന്ന് മാറ്റരുതെന്ന് നേരത്തെ സര്ക്കാര് വാക്കാല് കോടതിയെ അറിയിച്ചിരുന്നു. ക്യൂവിന്റെ നിയന്ത്രണം പൊലീസില് നിന്ന് മാറ്റരുതെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിതും കോടതിയെ അറിയിച്ചു.
വെര്ച്വല് ക്യൂവിന്റെ ചുമതല ദേവസ്വം ബോര്ഡിനെ ഏല്പ്പിക്കണമെന്ന സ്പെഷ്യല് കമ്മീഷണറുടെ റിപ്പോര്ട്ടിനെ എതിര്ത്താണ് എഡിജിപി വിശദമായ സത്യവാങ്ങ്മൂലം സമര്പ്പിച്ചത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വെര്ച്ച്വല് സംവിധാനം 2011ല് ആരംഭിച്ചതെന്നും എഡിജിപി വ്യക്തമാക്കി. തിരക്ക് ഒഴിവാക്കി അയ്യപ്പഭക്തരുടെ ദര്ശനം സുഗമമാക്കുക മാത്രമാണ് സംവിധാനത്തിന്റെ ലക്ഷ്യം.
നാളിതുവരെ പരാതി ഉണ്ടായിട്ടില്ല. ബുക്കിംഗ് സൗജന്യമാണ്. വെര്ച്വല് സംവിധാനത്തില് പരസ്യം സ്വീകരിക്കുന്നത് സര്ക്കാരിന്റെ അനുമതിയോടെയാണ്. പരസ്യവരുമാനം ഓണ്ലൈന് സൈറ്റിന്റെ പരിപാലനത്തിനും ആമസോണ് വെബ് സേവനത്തിനുമാണ് ഉപയോഗിക്കുന്നത്.പരസ്യവരുമാനം കുറവായതിനാല് പൊലീസിന് ഈയിനത്തില് പത്തേകാല് ലക്ഷത്തോളം രൂപയുടെ കുടിശികയുണ്ട്. പൊലീസും ദേവസ്വം ബോര്ഡും സംയുക്തമായാണ് വെര്ച്ച്വല് സംവിധാനം കൈകാര്യം ചെയ്യുന്നത് .
പോര്ട്ടലില് തിരക്ക് നിയന്ത്രണത്തിന്റെ ചുമതല മാത്രമാണ് പൊലീസ് നിര്വഹിക്കുന്നത്.ഇ – കാണിക്ക, താമസ സൗകര്യം, പൂജ, അപ്പം, അരവണ സേവനങ്ങള് ബോര്ഡിന്റെ നിയന്ത്രണത്തിലാണ്. നല്ല നിലയില് പ്രവര്ത്തിക്കുന്ന പോര്ട്ടലിന്റെ നിയന്ത്രണം പൊലീസില് നിന്ന് നീക്കിയാല് പരിപാലനവും മേല്നോട്ടവും സംവിധാനം തകരുമെന്നും
എഡിജിപി വ്യക്തമാക്കി.
വെര്ച്വല് ക്യൂ സംവിധാനത്തില് നിയന്ത്രണമോ ഉടമസ്ഥതയോ ഇല്ലെന്ന് ദേവസ്വം ബോര്ഡും കോടതിയെ അറിയിച്ചു.