വയലാർ > ചരിത്രം തിരിച്ചുപിടിക്കുകയെന്ന ദൗത്യത്തിന്റെ സുപ്രധാനമായ കാലഘട്ടമാണിതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിൽ ബന്ധമില്ലാത്ത സംഘപരിവാറും കേന്ദ്ര ഭരണാധികാരികളും ചരിത്രം തിരുത്താനും ദുർവ്യാഖ്യാനിക്കാനും ശ്രമിക്കുന്നു. സമ്പൂർണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ആദ്യമായി കോൺഗ്രസിൽ ഉയർത്തിയത് കമ്യൂണിസ്റ്റുകാരാണ്. പുന്നപ്ര -വയലാർ ഉൾപ്പെടെ തീഷ്ണമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയുംചെയ്തു. സ്വാതന്ത്ര്യാനന്തരം ഭരണഘടന തയ്യാറാക്കാൻ രൂപീകരിച്ച അസംബ്ലിയിൽ കമ്യൂണിസ്റ്റുകാരൻ അംഗമായി.
1920കളിൽ സ്വാതന്ത്ര്യസമരം വിപുലമായപ്പോഴും ആർഎസ്എസ് അതിൽ പങ്കെടുത്തില്ല. സവർക്കർ ബ്രിട്ടീഷുകർക്ക് മാപ്പെഴുതിയത് മഹാത്മാഗാന്ധിയുടെ ഉപദേശം അനുസരിച്ചായിരുന്നെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചത് അടുത്തിടെയാണ്. ഗാന്ധിജി അക്കാലത്ത് ഇന്ത്യയിൽ എത്തിയിരുന്നില്ലെന്നതാണ് ചരിത്രസത്യം. ഇങ്ങനെ ചരിത്രവസ്തുതകൾ തിരുത്താൻ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണം.
പുന്നപ്ര – വയലാറിലെയടക്കം സ്വാതന്ത്ര്യപ്പോരാളികൾ ഉയർത്തിയ മുദ്രാവാക്യത്തിന് വിപരീതദിശയിലാണ് സംഘപരിവാർ രാജ്യത്തെ നയിക്കുന്നത്. കാർഷിക നിയമ പരിഷ്കാരങ്ങളും തൊഴിൽ നിയമഭേദഗതികളും അതിന് തെളിവാണ്. ഉദാരവൽക്കരണ നയത്തിലൂടെ കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റുതുലയ്ക്കുന്നു. പൊതുമൂലധനം ഉപയോഗിച്ച് ഉണ്ടാക്കിയ ആസ്തികൾ ഉൾപ്പെടെയാണ് വിൽക്കുന്നത്. ഈ നയത്തിന് ബദലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിന് മുന്നിൽ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.