തിരുവനന്തപുരം> സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വിളനാശം സംഭവിച്ച കര്ഷകര്ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. വിളനാശം സംബന്ധിച്ച വിവരങ്ങള് എത്രയും പെട്ടെന്ന് കൃഷിഭവനുകളില് അറിയിക്കണം. നഷ്ടപരിഹാരത്തിന് AIMS വെബ് പോര്ട്ടല് ( www.aims.kerala.gov.in) മുഖേന ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്.
AIMS പോര്ട്ടലില് രജിസ്ട്രേഷന് നടത്തിയിട്ടുള്ള കര്ഷകര്ക്ക് നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇന് ‘ ഐഡി ഉപയോഗിച്ച് പോര്ട്ടലില് അപേക്ഷിക്കാം. കര്ഷകര്ക്ക് സ്വന്തമായോ, അക്ഷയ സെന്ററുകള് മുഖേനയോ, കോമണ് ഫെസിലിറ്റേഷന് സെന്റര് മുഖേനയോ, കൃഷി ഭവന് മുഖേനയോ അപേക്ഷിക്കാം. വിള ഇന്ഷുറന്സ് പദ്ധതി പ്രകാരം വിള ഇന്ഷ്വര് ചെയ്തിട്ടുള്ള കര്ഷകര് കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകത്തും ഇന്ഷ്വര് ചെയ്തിട്ടില്ലാത്ത കര്ഷകര് പ്രകൃതിക്ഷോഭം മൂലം വിളനാശമുണ്ടായി 10 ദിവസത്തിനുള്ളിലും നഷ്ടപരിഹാരത്തിനായി AlMS പോര്ട്ടല് മുഖേന അപേക്ഷിക്കേണ്ടതാണെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കര്ഷകര് ആദ്യമായി AIMS പോര്ട്ടലില് രജിസ്റ്റര് ചെയ്യേണ്ടതുണ്ട്. ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കുന്നതിനുള്ള മാര്ഗ്ഗ നിര്ദ്ദേശങ്ങള് താഴെ കൊടുത്ത ലിങ്കില് ലഭ്യമാണ് :youtu.be/PwW6_hDvriY