2020 മെയ് മസം 29ന് ആരംഭിച്ച റോഡ് നിർമ്മാണം 9 മാസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ഇതിനായി പത്ത് കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. നിശ്ചിത സമയത്തും പദ്ധതി വേഗത്തിൽ പുരോഗമിക്കാത്ത സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്ന് കരാറുകാർക്ക് മന്ത്രി നേരിട്ട് നിർദേശം നൽകുകയും ചെയ്തു.
പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രി നേരിട്ട് നിർദേശം നൽകിയിട്ടും നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെയാണ് കരാറുകാരെ നീക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയത്. കരാറുകാരൻ്റെ നഷ്ടോത്തരവാദിത്തത്തിൽ ടെർമിനേറ്റ് ചെയ്യുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.
ദേശീയ പാത 766ൽ നടക്കുന്ന പ്രവർത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കരാർ രംഗത്തെ ശക്തരായ നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാൻ പൊതുമരാമത്ത് വകുപ്പ് മുൻപ് ശുപാർശ ചെയ്തിരുന്നു. നിർമ്മാണ ജോലികൾ ചെയ്യുന്ന കരാറുകാരുമായി എംഎൽഎമാർ തന്നെ വന്ന് കാണേണ്ടതില്ലെന്ന മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് വിവാദമായി തുടരുന്നതിനിടെയാണ് നിർമ്മാണം പൂർത്തിയാക്കാതെ അലംഭാവം കാണിച്ച കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് പുറത്താക്കിയത്.
അതിനിടെ കേരളത്തിന്‍റെ സ്വപ്നപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. “Accelerate ” എന്ന പേരില്‍ പരമാവധി എല്ലാ ദിവസവും ഓരോ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. ലെവല്‍ക്രോസ് മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 72 റെയില്‍വെ മേല്‍പാലങ്ങളാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഇന്ന് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിലപാടിനെ പിന്തുണച്ചിരുന്നു. മന്ത്രിയുടെ പ്രതികരണം സർക്കാരിൻ്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി. മന്ത്രിക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണയാണുള്ളത്. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്ന് സർക്കാരിൻ്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതു നിലപാടുണ്ട്. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.
എംഎൽഎമാരെ കൂട്ടി കരാറുകാർ കാണാൻ വരുന്നതിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് വ്യക്തമാക്കിയ മുഹമ്മദ് റിയാസ് നിയമഭയിൽ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞിരുന്നു.