കൊച്ചി > ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കാന് സംവിധാനം വേണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി. മറ്റ് കടകളില് എന്ന പോലെ ബെവ്കോ ഔട്ട്ലെറ്റുകളിലും സുഗമമായി പ്രവേശിക്കാനും വാങ്ങാനും സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു.
ആളുകള് കൂട്ടം കൂടി നില്കാന് അനുവദിക്കരുത്. ക്യൂ നില്ക്കേണ്ട അവസ്ഥ ഉണ്ടാകരുത്. കുട്ടികള്ക്കും സ്ത്രീകള്ക്കും ഇത്തരം കടകള്ക്ക് മുന്നിലൂടെ സഞ്ചരിക്കാവുന്ന സാഹചര്യം നിലവില് ഇല്ലെന്നും അത് മാറണമെന്നും സിംഗിള് ബഞ്ച് നിരീക്ഷിച്ചു.
കോടതി നിര്ദ്ദേശിച്ച പ്രകാരം പത്ത് കടകള് ഇതിനകം മാറ്റി സ്ഥാപിച്ചതായി സര്ക്കാര് അറിയിച്ചു. 33 കൗണ്ടറുകള് നവീകരിച്ചു. പാര്ക്കിങ് സൗകര്യവും കൗണ്ടറുകളുടെ എണ്ണവും വര്ധിപ്പിച്ചതായും സര്ക്കാര് അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി ഓണ്ലൈന് ബുക്കിങ് സൗകര്യം ആരംഭിച്ചതായും സര്ക്കാര് വിശദീകരിച്ചു. തുടര്ന്ന് കേസ് പിന്നീട് പരിഗണിക്കാന് മാറ്റി.