കണ്ണൂർ: വിവാഹമോചനങ്ങളും കുടുംബ കലഹങ്ങളും ആത്മഹത്യകളും വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് പരിഹാര മാർഗവുമായി ജില്ലാ പഞ്ചായത്ത്.’കൂട്ടുകാരാവാം, ജീവിക്കാം’ എന്ന പദ്ധതിയാണ് ഇതിനായി ആവിഷ്കരിച്ചത്. വിവാഹം നിശ്ചയിച്ചവർക്കും നവ ദമ്പതിമാർക്കും കൗൺസലിങ്ങും ബോധവത്കരണവുമായി നവംബർ പകുതിയോടെ ആരംഭിക്കുന്ന പദ്ധതി, ഒരു സ്ഥിരം സംവിധാനമായി തുടരാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം സ്ഥിരം സംവിധാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്. കുറ്റ്യാട്ടൂർ ചട്ടുകപ്പാറയിൽ ആരൂഢം പദ്ധതിയുടെ ഭാഗമായി നിർമിച്ച ജെൻഡർ കൺവെൻഷൻ സെന്ററിലാണ് ബോധവത്കരണ ക്ലാസും സ്ഥിരം കൗൺസലിങ് കേന്ദ്രവും ആരംഭിക്കുന്നത്. പദ്ധതിക്ക് തുടക്കത്തിൽ 15 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
കൗൺസലിങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി അപേക്ഷ ക്ഷണിക്കും. നിശ്ചിത ഫീസ് പങ്കെടുക്കുന്നവരിൽനിന്ന് ഈടാക്കും.
വിവാഹിതരാവാൻ പോവുന്നവർക്കും നവ ദമ്പതിമാർക്കുമായിരിക്കും ആദ്യത്തെ ക്ലാസ്. കൗൺസലിങ് ആവശ്യമുള്ളവർക്ക് തുടർന്ന് നൽകും. സ്ഥിരം കൗൺസിലർമാരെ നിയമിക്കും.
സ്ഥിരമായി കൗൺസലിങ് ആരംഭിക്കുന്നതിന് വനിതാ കമ്മിഷന്റെയും ജില്ലാ ജാഗ്രതാസമിതിയുടെയും സഹായം തേടും. റസിഡൻഷ്യൽ സൗകര്യത്തോടെയായിരിക്കും കൗൺസലിങ് ആരംഭിക്കുക. മധുവിധു കാലത്തുതന്നെ ദാമ്പത്യത്തകർച്ചയും തുടർന്ന് കുടുംബ കലഹവും വിവാഹമോചനമോ ആത്മഹത്യയോ നിത്യസംഭവമായിക്കൊണ്ടിരിക്കുന്ന കാലത്ത്, കുടുംബ ജീവിതം ഭദ്രമാക്കാനുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
രക്ഷിതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും കലഹങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു. അവരിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നു. സമീപകാലത്ത് 19 കുട്ടികളാണ് കേരളത്തിൽ ആത്മഹത്യചെയ്തത്. കൂട്ടുകുടുംബങ്ങളുടെ സുരക്ഷിതത്വം ഇപ്പോൾ ഇല്ലാതായി. അണുകുടുംബങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പുറത്തറിയുന്നുമില്ല. സാമൂഹിക ജീവിതത്തിലുള്ള നല്ലൊരു ഇടപെടലായി പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.