തിരുവനന്തപുരം
മഴ കനത്താൽ ഇടുക്കി അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിടും. വ്യാഴംമുതൽ 31 വരെ അനുവദനീയമായ റൂൾലെവലിൽനിന്ന് ജലനിരപ്പ് രണ്ടടി താഴ്ത്തി ഓറഞ്ച് അലർട്ടിൽ എത്തിക്കാനും മഴ വർധിച്ചാൽ 500 ക്യുമെക്സ് പുറത്തേക്ക് ഒഴുക്കാനും സംസ്ഥാന റൂൾലെവൽ കമ്മിറ്റി തീരുമാനിച്ചു.
ഇടമലയാറിൽ 100 ക്യുമെക്സ് വെള്ളം തുറന്നുവിട്ട് പ്രളയജലം സംഭരിക്കാനുള്ള സ്ഥലം റിസർവോയറിൽ ഒരുക്കുന്നത് തുടരും. അണക്കെട്ടിലെ ജലനിരപ്പ് 165.3 മീറ്ററിൽ (ബ്ലൂഅലർട്ട്) എത്തിക്കും. കക്കി അണക്കെട്ടിൽ ജലനിരപ്പ് 979.45 മീറ്റർ എത്തുംവരെ 150 ക്യുമെക്സ് പുറത്തേക്ക് ഒഴുക്കും. പമ്പയിൽ മഴയുടെ അടിസ്ഥാനത്തിൽ ജലം നിയന്ത്രിക്കും. ബാണാസുര സാഗറിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ തീവ്രതയ്ക്കനുസൃതമായി അണക്കെട്ട് പ്രവർത്തിപ്പിക്കും. മറ്റുള്ള അണക്കെട്ടുകളിലെ ജലത്തിന്റെ അളവ് നീരൊഴുക്കിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലും.
4 ദിവസം, ഉയർന്നത് 7 അടി
16 മുതൽ 19 വരെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 165 ദശലക്ഷം ഘനമീറ്റർ ജലമാണ്. ഈ നാല് ദിവസത്തിൽ ഏഴ് അടിയാണ് ജലനിരപ്പ് ഉയർന്നത്.
ഉചിത നടപടിയെന്ന് കേന്ദ്രജലകമീഷൻ
അപകട സാഹചര്യം മുൻ*നിർത്തി കൂടുതൽ ജലം സ്വീകരിക്കാൻ അണക്കെട്ടുകൾ സജ്ജമാക്കിയത് ഉചിത നടപടിയെന്ന് കേന്ദ്രജലകമീഷൻ. കേന്ദ്രകാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും അധിക ജലം പ്രളയത്തിന് കാരണമാകാതെ സംഭരിക്കേണ്ടതുണ്ടെന്നും പരിഗണിച്ചാണ് റൂൾലെവൽ കമ്മിറ്റി നടപടികൾ സ്വീകരിച്ചത്.
ലഭിച്ചത് 461.07, പ്രതീക്ഷിച്ചത് 124.14
ഒക്ടോബർ 11 മുതൽ 20 വരെയുള്ള കാലയളവിൽ ഇടുക്കി, കക്കി, പമ്പ, ഇടമലയാർ അണക്കെട്ടുകളിലായുണ്ടായത് 461.07 ദശലക്ഷം ഘനമീറ്റർ നീരൊഴുക്ക്. ഇക്കാലയളവിൽ പ്രതീക്ഷിച്ചത് ശരാശരി 124.14 ദശലക്ഷം ഘനമീറ്ററാണ്. ഇടുക്കിയിൽ 59.59 ദശലക്ഷം ഘനമീറ്റർ പ്രതീക്ഷിച്ചിടത്തുണ്ടായത് 239.38 ദശലക്ഷം ഘനമീറ്റർ നീരൊഴുക്കാണ്. കക്കി–-പമ്പയിലുമായി ഇത് 28.3 ആയിരുന്നെങ്കിൽ കിട്ടിയത് 89.42, ഇടമലയാറിൽ 39.25 കരുതിയിടത്ത് 132.27 ദശലക്ഷം ഘനമീറ്റർ നീരൊഴുക്കുമുണ്ടായി.
മുൻഗണന ജനങ്ങളുടെ ജീവനും സ്വത്തിനും
ഇടുക്കി 174.17, കക്കി–-പമ്പ 37.37, ഇടമലയാർ 80.24 ദശലക്ഷം ഘനമീറ്റർ അധികജലമാണ് 11 മുതൽ 20 വരെയുള്ള കാലയളവിൽ ലഭിച്ചത്. ആകെ 291.78. ഇതിൽനിന്ന് 336.47 മില്യൺ യൂണിറ്റ് അധിക വൈദ്യുതി സാധ്യതയാണുണ്ടായിരുന്നത്. എന്നാൽ, അധികജലം ഒഴുക്കി വിടാതെ വൈദ്യുതോൽപ്പാദനം നടത്തി 27.1 കോടി രൂപ കൂടുതൽ വിറ്റുവരവ് നേടുന്നതിനേക്കാൾ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് വിലകൽപ്പിക്കുന്നത്. മറിച്ചുള്ള പ്രചാരണത്തിൽ വസ്തുതയില്ല. 200 കോടിയുടെ ഇളവാണ് കോവിഡ് കാലത്ത് നൽകിയത്. 50 കോടി കോവിഡ് പ്രതിരോധത്തിനും നൽകിയെന്നും കെഎസ്ഇബി വ്യക്തമാക്കി.