തലശേരി > ഭൂപരിഷ്കരണ നിയമത്തിന്റെ ശിൽപികളിൽ പ്രമുഖനായ കമ്യൂണിസ്റ്റ്–-കർഷക നേതാവ് സി എച്ച് കണാരന്റെ ഓർമ കേരളം പുതുക്കി. അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചും പാർടി ഓഫീസുകൾ അലങ്കരിച്ചും ദേശാഭിമാനിക്ക് പുതിയ വരിക്കാരെ ചേർത്തുമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ചിന്റെ 49ാമത് ചരമവാർഷിക ദിനം ആചരിച്ചത്. കോടിയേരി പുന്നോലിലെ സി എച്ചിന്റെ ശവകുടീരത്തിൽ സിപിഐ എം നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
കണ്ണൂർ ജില്ലസെക്രട്ടറി എം വി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ, ഏരിയസെക്രട്ടറി എം സി പവിത്രൻ എന്നിവർ സംസാരിച്ചു. ജില്ലസെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, അഡ്വ. പി ശശി എന്നിവരും പങ്കെടുത്തു. തലശേരി ഏരിയയിൽ നിന്ന് ചേർത്ത ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ലോക്കൽ സെക്രട്ടറിമാർ ജില്ലസെക്രട്ടറിക്ക് കൈമാറി.
കതിരൂർ സി എച്ച് നഗറിലെ സി എച്ച് കണാരന്റെ പ്രതിമയിലും പുഷ്പാർച്ചനയുണ്ടായി. എം വി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ എന്നിവർ പങ്കെടുത്തു. അനുസ്മരണയോഗത്തിൽ അഡ്വ പി ശശി, എം സി പവിത്രൻ, പി സുരേഷ്ബാബു, കെ വി പവിത്രൻ, കാരായിബാലൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലകമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ രാത്രി 7ന് അനുസ്മരണ പ്രഭാഷണം നടത്തും.