സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് വന് മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്ട്ട്. കമ്പനിയുടെ പേര് ഉള്പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്ക് സുക്കര്ബര്ഗ് ഒക്ടോബര് 28ന് പുതിയ തീരുമാനങ്ങള് പ്രഖ്യാപിച്ചേക്കുമെന്ന് ടെക്നോളജി ബ്ലോഗ് ആയ ‘വെര്ജ്’ റിപ്പോര്ട്ട് ചെയ്തു. എന്നാല് അഭ്യൂഹങ്ങളെ സംബന്ധിച്ച് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.
ഇന്സ്റ്റഗ്രാം, വാട്സപ്പ്, ഒക്കുലസ് തുടങ്ങിയ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ഫേസ്ബുക്കിന് കീഴിലാണ്. പുതിയ ബ്രാന്ഡ് വരുന്നതോടെ ഇവയെ എല്ലാം ഒരു മാതൃകമ്പനിക്ക് കീഴിലാക്കുമെന്നാണ് വിലയിരുത്തല്. ഫേസ്ബുക്ക് ആപ്പും മാതൃകമ്പിനിക്ക് കീഴിലാകും. സോഷ്യല് മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവര്ത്തനം വ്യാപിപ്പിക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നതെന്നും വെര്ജ് റിപ്പോര്ട്ട് ചെയ്തു.
ഫേസ്ബുക്കിന്റെ നടത്തിപ്പിനെ സംബന്ധിച്ച് സൂക്ഷമ പരിശോധനകള് അമേരിക്കയില് നടക്കവെയാണ് കമ്പനിയുടെ മാറ്റങ്ങളെ സംബന്ധിച്ച റിപ്പോര്ട്ട് പുറത്തുവന്നത്. ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യത കവരുന്നുവെന്നും, വ്യക്തിഗത വിവരങ്ങള് ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപണം നിലനില്ക്കുന്നുണ്ട്. വിദ്വേഷവും ധ്രുവീകരണവും വര്ധിപ്പിക്കുന്ന പോസ്റ്റുകള് പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്ക് ലാഭം കൊയ്യുന്നെന്ന് മുന് ജീവനക്കാരി ഫ്രാന്സെസ് ഹോഗന് ടെലിവിഷന് അഭിമുഖത്തില് വെളിപ്പെടുത്തിയിരുന്നു.