പാരിസ്: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പാരിസ് സെന്റ്റ് ജര്‍മന് (പിഎസ്ജി) ഉജ്വല ജയം. ആര്‍പി ലെയ്പ്സിഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. പിഎസ്ജിക്കായി കെയിലിയന്‍ എംബാപെയാണ് ആദ്യ ഗോള്‍ നേടിയത്. ലെയ്പ്സിഗിനായി ആന്ദ്രെ സില്‍വയും നോര്‍ഡി മുകിലയും ലക്ഷ്യം കണ്ടു.
എഫ്സി ശാക്തർ ഡൊനെറ്റ്സ്കിനെ അഞ്ച് ഗോളിന് തകര്‍ത്താണ് മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് കരുത്ത് തെളിയിച്ചത്. റയലിനായി വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. റോഡ്രിഗോയും കരിം ബെന്‍സിമയുമാണ് മറ്റ് രണ്ട് സ്കോറര്‍മാര്‍. സെറി ക്രിസ്റ്റോവിന്റെ സെല്‍ഫ് ഗോള്‍ ശാക്തറിന്റെ തോല്‍വിയുടെ ആഘാതം ഇരട്ടിപ്പിച്ചു.
കരുത്തരായ ലിവര്‍പൂള്‍ അത്ലറ്റിക്കോ മാഡ്രിഡിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കി. 3-2 എന്ന സ്കോറിനായിരുന്നു ജയം. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഇരട്ട ഗോളുകളും നാബി കെയ്റ്റയുടെ ഗോളുമാണ് ലിവര്‍പൂളിന്റെ ജയം ഉറപ്പിച്ചത്. അത്ലറ്റിക്കോയ്ക്കായി ആന്റോണിയോ ഗ്രീസ്മാന്‍ രണ്ട് തവണ പന്ത് ലക്ഷ്യത്തിലെത്തിച്ചു. താരം പിന്നീട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
അതേസമയം ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ പോര്‍ട്ടൊ അട്ടിമറിച്ചു. ലൂയിസ് ഡയാസിന്റെ ഏക ഗോളിലായിരുന്നു പോര്‍ട്ടോയുടെ ജയം. എന്നാല്‍ ഇന്റര്‍ മിലാന്‍ ഷെരീഫിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. ബൊറൂസിയ ഡോര്‍ട്ടുമുണ്ടിനെ അയാക്സ് എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.
Also Read: T20 WC: രണ്ടാം സന്നാഹ മത്സരത്തോടൊപ്പം ബാറ്റിങ് ഓർഡറിൽ അന്തിമ തീരുമാനമെടുക്കാനൊരുങ്ങി ഇന്ത്യ
The post മെസി മാജിക്കില്‍ പിഎസ്ജി; കരുത്തു കാട്ടി റയലും ലിവര്‍പൂളും appeared first on Indian Express Malayalam.