തെന്മല: അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോൾ ഒഴുകിയെത്തുന്ന മീനുകളെ പിടിക്കാൻ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് എടുത്തുചാടി യുവാക്കൾ. തെന്മല ഡാം തുറന്നതിന് പിന്നാലെ കല്ലടയാറ്റിലേക്ക് പാലത്തിൽ നിന്ന് എടുത്തുചാടി സാഹസികത കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുര- ചെങ്കോട്ട പാതയിലെ പാലത്തിൽ നിന്നാണ് യുവാക്കൾ വെള്ളത്തിലേക്ക് ചാടുന്നത്.
അണക്കെട്ടിലുണ്ടായിരുന്ന ഭീമൻ മീനുകൾ ഒഴുകി വരുന്നത് ദൂരെ നിന്നുതന്നെ കാണാം. ഇത് ലക്ഷ്യമിട്ടാണ് ആളുകൾ പുഴയിലേക്ക് ചാടുന്നത്. മീനുകളെ പിടിച്ചതിനു ശേഷം നീന്തി കരയ്ക്ക് കയറും.
സാഹസികത നിറഞ്ഞ ഈ മീൻപിടുത്തത്തിനെതിരേ കേരള പോലീസും രംഗത്തെത്തിയിട്ടുണ്ട്. ഡാം തുറന്നുവിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അപകടമാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി.
അപ്രതീക്ഷിത പ്രളയത്തിൽ തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കുകയായിരുന്നു ലക്ഷ്യം. ഷട്ടർ തുറന്നതിനു പിന്നാലെ വലിയ അളവിലുള്ള ജലമാണ് കല്ലടയാറ്റിലെത്തിയത്. പുഴയുടെ പ്രദേശത്ത് താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് തീരപ്രദേശത്ത് നിന്നുള്ള പല കുടുംബങ്ങളേയും മാറ്റിപ്പാർപിച്ചിട്ടുണ്ട്.