തിരുവനന്തപുരം > ദുരന്തത്തില് ജീവന്പൊലിഞ്ഞവരുടെ കുടുംബങ്ങളെ സര്ക്കാര് ഒരിക്കലും കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷമാവസ്ഥയിലായവർക്കൊപ്പം സർക്കാരുണ്ടാകും. അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ദുരന്തത്തില് മരിച്ചവര്ക്ക് ആദരാഞ്ജലി അര്പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ പിരിഞ്ഞു. ഒക്ടോബർ 25ന് വീണ്ടും സമ്മേളിക്കും. എംഎൽഎമാർക്ക് അവരവരുടെ മണ്ഡലങ്ങളിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനിലാണ് സഭ 25 വരെ നിർത്തിവച്ചത്.
തെക്കന്ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്പൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചത്. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമര്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര് 11 മുതല് സംസ്ഥാനത്ത് വര്ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര് 13 മുതല് 17 വരെ തെക്കുകിഴക്കന് ബംഗാള് ഉള്ക്കടലിലും അറബിക്കടലില് ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള് ഇരട്ടന്യൂനമര്ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഴയുടെ തീവ്രതയ്ക്ക് ഒക്ടോബര് 18, 19 തിയതികളില് താത്കാലികമായ കുറവുണ്ടായിട്ടുണ്ട്. കിഴക്കന് കാറ്റിന്റെ സ്വാധീനം കേരളമുള്പ്പടെയുള്ള സംസ്ഥാനങ്ങളില് ഇന്ന് മുതല് രണ്ട് മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴക്കും മലയോര മേഖലയില് അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ജാഗ്രതാ നിര്ദേശങ്ങള് പുറപ്പെടുവിച്ചുവരുന്നുണ്ട്.
എവിടേയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്.സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്പ്പിച്ചിട്ടുണ്ട്. ദുരന്തത്തില് 217 വീടുകള് പൂര്ണ്ണമായും തകര്ന്നു. 1393 വീടുകള് ഭാഗികമായി തകര്ന്നതായും മുഖ്യമന്ത്രി അറിയിച്ചു.