ന്യൂഡൽഹി > പ്രമുഖ വസ്ത്ര ബ്രാൻഡായ ഫാബ് ഇന്ത്യ ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കിയ “ജഷ്ൻ -എ- റിവാസ്’ പരസ്യം സംഘ്പരിവാർ എതിപ്പിനെത്തുടർന്ന് പിൻവലിച്ചു. ബിജെപി ആർഎസ്എസ് സംഘടനകളുടെ ബഹിഷ്കരണാഹ്വാനം ശക്തമായതോടെയാണ് ഫാബ് ഇന്ത്യ പരസ്യം പിൻവലിക്കാനുള്ള തീരുമാനം എടുത്തത്. ദീപാവലി പരസ്യത്തിൽ ഉർദു ഭാഷയും ജഷ്ൻ – എ – റിവാസ് വസ്ത്രങ്ങളും അവതരിപ്പിച്ചത് ഹിന്ദു സംസ്കാരത്തോടുള്ള അനാദരവാണെന്നായിരുന്നു ബിജെപിയുടെ വാദം. കടുത്ത വർഗീയ പരാമർശങ്ങൾ നടത്താറുള്ള തേജസ്വി സൂര്യ എം.പിയാണ് പരസ്യം പിൻവലിക്കണമെന്ന ഹാഷ് ടാഗുമായി എത്തിയത്. കർണാടകയിലെ ബിജെപി എംപിയാണ് തേജസ്വി സൂര്യ.
സ്നേഹത്തിന്റേയും പ്രകാശത്തിന്റേയുംയും ആഘോഷത്തെ സ്വാഗതം ചെയ്യുന്ന വേളയിൽ ഇന്ത്യൻ സംസ്കാരത്തിന് “ജഷ്ൻ -എ- റിവാസ്’ ആദരവോടെ സമർപ്പിക്കുന്നു എന്നായിരുന്നു ഫാബ് ഇന്ത്യയുടെ പിൻവലിച്ച പരസ്യത്തിൽ പറഞ്ഞിരുന്നത്. ഉത്സവാഘോഷങ്ങൾ എന്നാണ് ജഷ്ൻ – എ – റിവാസസിന് അർഥമെന്നും ആ പേരിൽ അവതരിപ്പിച്ചത് ദീപാവലി വസ്ത്രങ്ങളല്ലെന്നും ഫാബ് ഇന്ത്യ വിശദീകരിച്ചു.
ഹൈന്ദവ ആഘോഷങ്ങളെ അബ്രാഹ്മണവത്കരിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ എന്നായിരുന്നു സൂര്യയുടെ വിവാദ പ്രസ്താവന. ഹിന്ദു സംഘടനകളില് നിന്നും ബിജെപി അടക്കമുള്ള പാർട്ടികളില് നിന്നും പ്രതിഷേധം ശക്തമായതിനെത്തുടർന്ന് #ബോയ്കോട്ട് ഫാബ് ഇന്ത്യ ഹാഷ്ടാഗ് ട്രന്ഡിംഗാവുകയും ചെയ്തു. ഇതോടെയാണ് ഫാബ് ഇന്ത്യയുടെ പിന്മാറ്റം.