കൂട്ടിക്കൽ
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തുനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ അലന്റേ(14)തെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. ശരീരഭാഗങ്ങൾ 13– 15 വയസ്സുള്ള കുട്ടിയുടെതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്നാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
തിങ്കളാഴ്ച പ്ലാപ്പള്ളിയിൽനിന്ന് ലഭിച്ച തല ഇല്ലാത്ത ശരീരഭാഗങ്ങൾ അലന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഡിഎൻഎ പരിശോധന നടത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കാനാണ് പൊലീസ് ആദ്യം തീരുമാനിച്ചത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ പ്രായം സ്ഥിരീകരിച്ചതിനാൽ വിട്ടുകൊടുക്കുകയായിരുന്നു. ഈ പ്രായപരിധിയിലുള്ള മറ്റാരെയും ഉരുൾപൊട്ടലിൽ കാണാതായതായി റിപ്പോർട്ടില്ല. ബുധനാഴ്ച രാവിലെ പത്തിന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും. ഡിഎൻഎ സാമ്പിൾ പരിശോധിക്കും.
ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ കണ്ടെത്താനായില്ല
കൊക്കയാർ പഞ്ചായത്ത് ഓഫീസിനുസമീപം ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ ചൊവ്വാഴ്ചയും കണ്ടെത്തിയില്ല. ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിലാണ് ചേപ്ലാംകുന്നേൽ സാബുവിന്റെ ഭാര്യ ആൻസി(50)യെ കാണാതായത്. ചൊവ്വാഴ്ച പുന്നകയാറിന്റെ അരികിലെ കാടുകൾ വെട്ടിത്തെളിച്ച് 10 കിലോമീറ്ററോളം തെരച്ചിൽ നടത്തി.