തൃശൂർ
സിഎസ്ബി ബാങ്കിൽ അക്കൗണ്ട് ചേരണമെങ്കിൽ ആദ്യ നിക്ഷേപം 10,000 രൂപ വേണം. 500 രൂപയുണ്ടായിരുന്നതാണ് കുത്തനെ ഉയർത്തിയത്. ബാങ്ക് വിദേശിയായപ്പോൾ സർവീസ് ചാർജും പിഴയുമെല്ലാമായി സാധാരണക്കാരന്റെ പോക്കറ്റും കാലിയാവും.
നൂറു കൊല്ലം പിന്നിട്ട കേരളത്തിലെ കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരി ക്യാനഡ ആസ്ഥാനമായ ഫെയർഫാക്സ് കമ്പനിയുടെ മൗറീഷ്യസ് ഹോൾഡിങ് കമ്പനി സ്വന്തമാക്കിയതോടെ ബാങ്കിന്റെ ജനകീയത നഷ്ടപ്പെടുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനാണ് 10,000 രൂപ നിർബന്ധമാക്കിയത്. 2020 ജൂലൈ 13ന് പുറത്തിറക്കിയ അസാധാരണ ഉത്തരവിൽ അക്കൗണ്ടിൽ ശരാശരി ദിവസം 30,000 രൂപ ഇല്ലാത്തവരെ തരം തിരിച്ച് കണ്ടെത്താനും ആവശ്യപ്പെടുന്നു. ഇവരെ ലാഭകരമല്ലാത്ത അക്കൗണ്ടിലേക്ക് മാറ്റാനാണ് മാനേജർമാർക്കുള്ള നിർദേശം. ശരാശരി 25,000 രൂപയെങ്കിലും അക്കൗണ്ടിൽ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്കുമേൽ മാനേജ്മെന്റ് സമ്മർദം ചെലുത്തുന്നുണ്ട്. ഇല്ലാത്തവരെ പുറം തള്ളാനാണ് നീക്കം. ഇടപാടുകാരെ ഇത്തരത്തിൽ തരംതിരിക്കുന്നത് ബാങ്കിങ് നൈതികതയ്ക്ക് ചേർന്നതല്ലെന്ന് ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ പറഞ്ഞു. ചെറുകിട, കാർഷിക, വിദ്യാഭ്യാസ, ഭവന വായ്പ എന്നിവ കുറച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
2017 മാർച്ചിലെ ഭവന വായ്പ 342 കോടി രുപയായിരുന്നു. 2021 മാർച്ചിൽ അത് 245 കോടിയായി കുറഞ്ഞു. വിദ്യാഭ്യാസ വായ്പ 178കോടിയിൽ നിന്ന് 77 കോടിയായി. കോർപറേറ്റ് വായ്പ 942 കോടിയിൽ നിന്ന് 3600 കോടിയായി വർധിച്ചു. കോർപറേറ്റ് വായ്പയിലെ 85ശതമാനം തുകയും കേരളത്തിനു പുറത്തുള്ള ശാഖകളിലാണ് വിതരണം ചെയ്തിട്ടുള്ളത്. എന്നാൽ ബാങ്കിന്റെ മൊത്തം നിക്ഷേപത്തിൽ 70 ശതമാനവും കേരളത്തിൽ നിന്ന് സമാഹരിച്ചതാണ്.
സ്വകാര്യബാങ്കുകളിൽ 74 ശതമാനം ഓഹരി വിദേശസ്ഥാപനങ്ങൾക്ക് കൈമാറാമെന്ന കേന്ദ്ര സർക്കാരിന്റെ നടപടികളും ഇതിനൊപ്പം നിൽക്കുന്ന റിസർവ് ബാങ്ക് നടപടികളുമാണ് സിഎസ്ബി ബാങ്കിനേയും വിദേശകമ്പനികൾ കൈയടക്കാൻ കാരണമായത്.