തിരുവനന്തപുരം
ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങളും സന്നദ്ധപ്രവർത്തകരും ജീവനക്കാരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പലയിടത്തും അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് സാന്നിധ്യമുണ്ട്. പുറത്തുനിന്ന് വരുന്നവർ ക്യാമ്പ് അംഗങ്ങളുമായി സമ്പർക്കമരുത്. ക്യാമ്പുകളിൽ ആന്റിജൻ പരിശോധന നടത്താം. ക്യാമ്പിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കും.
രോഗലക്ഷണമുള്ളവരെ മാറ്റിപ്പാർപ്പിക്കും. ക്യാമ്പിലെത്തി രോഗം ബാധിച്ചാൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ സമ്പർക്കവിലക്കിൽ കഴിയണം. എല്ലാവരും മാസ്ക് ധരിക്കണം. അകലം പാലിച്ച് ഭക്ഷണം കഴിക്കണം. ക്യാമ്പിലെ കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗികൾ എന്നിവരുമായി അടുത്ത് ഇടപഴകരുത്. വാക്സിൻ എടുക്കാത്തതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
രോഗങ്ങളുള്ളവർക്ക് മരുന്നുകൾ എത്തിച്ചുനൽകും. മരുന്ന് മുടക്കരുത്. മനോരോഗവിദഗ്ധരുടെയും കനിവ് 108 ആംബുലൻസുകളുടെയും സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.