ന്യൂഡൽഹി > ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ പിന്നാക്കംപോയതിന് കണക്കെടുപ്പ് നടത്തിയ ഏജന്‍സികളെ കുറ്റപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ വാദം തള്ളി പ്രമുഖ സന്നദ്ധസംഘടന ഓക്സ്ഫാം ഇന്ത്യ. കോവിഡിനുശേഷം ഇന്ത്യയില്‍ പട്ടിണി വർധിച്ചെന്ന യാഥാർഥ്യമാണ് സൂചികയിൽ പ്രതിഫലിച്ചത്.
പട്ടിണിയും പോഷകാഹാരക്കുറവും ഇന്ത്യയിൽ പുതിയ വാർത്തയല്ല. കോവിഡിനുശേഷം സാഹചര്യം അതിദയനീയമായി. ദേശീയ കുടുംബാരോഗ്യ സർവേ (എൻഎച്ച്എഫ്എസ്)ഡാറ്റയിലും ഈ വസ്തുത പ്രകടം. 2015–-2019 കാലയളവിൽ പല സംസ്ഥാനത്തും ജനിച്ച കുഞ്ഞുങ്ങൾ മുൻതലമുറയെ അപേക്ഷിച്ച് കടുത്ത പോഷകാഹാരക്കുറവ് നേരിട്ടു. പോഷൺഅഭിയാൻ പോലുള്ള പദ്ധതികൾക്ക് കാര്യമായി ഫണ്ട് നീക്കിവയ്ക്കാത്തത് തിരിച്ചടിയായി. 2020–-2021 കാലയളവിൽ കുട്ടികളുടെ പോഷകാഹാരത്തിനായി നീക്കിവയ്ക്കുന്ന തുകയിൽ 18.5 ശതമാനം ഇടിവുണ്ടായി–- ഓക്സ്ഫാം ഇന്ത്യ ചൂണ്ടിക്കാട്ടി.
ആകെ 116 രാജ്യമുള്ള ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 101–-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയ്ക്ക് പിന്നിലായി ഇന്ത്യ.