കോട്ടയം
സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത കൂട്ടിക്കൽ, കൊക്കയാർ ദുരന്തമേഖലയിലും പ്രകടമായി. പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും ഒട്ടും വൈകാതെ രക്ഷാപ്രവർത്തനം ആരംഭിക്കാനായത് മരണസംഖ്യ കുറച്ചു. പൊലീസും ഫയർഫോഴ്സും തുടക്കം മുതൽ രക്ഷാപ്രവർത്തകരായപ്പോൾ ദേശീയ ദുരന്തനിവാരണ സേനയെയും രംഗത്തിറക്കി. സൈന്യത്തെയും അവരുടെ ഹെലികോപ്ടർ സേവനവും പെട്ടെന്ന് വിളിച്ചുവരുത്താനും സർക്കാർ ഉണർന്ന് പ്രവർത്തിച്ചു.
ശനി ഉച്ചയോടെയാണ് കൂട്ടിക്കൽ, കൊക്കയാർ മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചെന്ന് പുറംലോകമറിഞ്ഞത്. രക്ഷാപ്രവർത്തനത്തിനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുമടക്കം സാധ്യമായ പ്രവർത്തനങ്ങളെല്ലാം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രിമാരായ വി എൻ വാസവൻ കോട്ടയം ജില്ലയിലെയും റോഷി അഗസ്റ്റിൻ ഇടുക്കിയിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ശനി രാത്രിതന്നെ റവന്യൂ മന്ത്രി കെ രാജനും ഇവർക്കൊപ്പം ചേർന്നു. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ഭക്ഷണവും താമസവുമടക്കം ക്രമീകരിക്കാനും റവന്യൂ വകുപ്പും സജ്ജമായി. കോട്ടയത്ത് മാത്രം നാൽപ്പതിലേറെ ക്യാമ്പുകൾ ഒരുക്കി.
ഞായർ പുലർച്ചെ മുതൽ തെരച്ചിൽ പുനരാരംഭിച്ചു. ഉച്ചയോടെ കാണാതായ മുഴുവൻ പേരുടെയും മൃതദേഹം കണ്ടെത്താനായി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി. ഉറ്റവരെയും ഉടയവരെയും ആശ്വസിപ്പിക്കാൻ മന്ത്രിമാരടക്കം ജനപ്രതിനിധികളും ക്യാമ്പുകളിലും ദുരന്തമേഖലകളിലുമെത്തി. ആവശ്യമായ എല്ലാ സഹായവും നൽകാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. രക്ഷാപ്രവർത്തനം തുടരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മുണ്ടക്കയം കാവാലിയിൽ ഉരുൾപൊട്ടിയ സ്ഥലം സന്ദർശിക്കുന്ന മന്ത്രിമാരായ റോഷി അഗസ്റ്റി-നും കെ രാജനും
കൊക്കയാറിൽ മൂന്ന് മന്ത്രിമാരെത്തി
രക്ഷാപ്രവർത്തനം അതിവേഗം, മാതൃകാപരം
കൊക്കയാർ മലഞ്ചെരുവിൽ മണ്ണിനടിയിലായവരുടെ മൃതദേഹം പുറത്തെടുക്കാനായത് യുദ്ധകാലാടിസ്ഥാനത്തിൽ വകുപ്പുകളുടെ ഏകോപന പ്രവർത്തനത്തിലൂടെ. മൂന്ന് മന്ത്രിമാർ കൊക്കയാറിലെത്തി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷമാണ് മുണ്ടക്കയം ക്ലബ്ബിൽ യോഗം ചേർന്നത്. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നൽകി.
പ്രതികൂലാവസ്ഥ തടസ്സമായെങ്കിലും ഞായർ രാവിലെ ആറിനുതന്നെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി. 11 മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്താണ് വൈകിട്ടോടെ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. വിവിധ ടീമുകളിലായി 250ൽപരം പേർ മണിക്കൂറുകൾ പ്രവർത്തിച്ചു. മണ്ണിനടിയിൽനിന്ന് പുറത്തെടുക്കുന്നവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് നാല് ആംബുലൻസ് സജ്ജമാക്കിയിരുന്നു.
കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രി വി എൻ വാസവൻ എത്തിയപ്പോൾ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് സമീപം