തിരുവനന്തപുരം
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് മുഴുവൻ പാർടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. പലയിടത്തും രൂക്ഷ സ്ഥിതിയാണ്. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും വൻദുരന്തമാണുണ്ടായത്. പൊലീസും അഗ്നിരക്ഷാസേനയും ദുരന്തപ്രതികരണ സേനയും പട്ടാളവുമടക്കം സജീവമായി രംഗത്തുണ്ട്. നാട്ടുകാരുടെ ഉടനടിയുള്ള രക്ഷാപ്രവർത്തനത്തിൽ വിലപ്പെട്ട ഏതാനും മനുഷ്യ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു. സർക്കാർ സാധ്യമായ എല്ലാ രക്ഷാനടപടികളും ഇതിനകം സ്വീകരിച്ചു.
ഔപചാരിക പ്രവർത്തനങ്ങളിൽ മാത്രം നേരിടാവുന്നതല്ല അപ്രതീക്ഷിത ദുരന്തം. എല്ലാ സഹായത്തിനും പാർടി പ്രവർത്തകർ മുന്നിട്ടിറങ്ങണം. പുറമെ നിന്നെത്തുന്ന സാങ്കേതിക മികവുള്ള രക്ഷാപ്രവർത്തകർക്കും സേനകൾക്കും സഹായം ചെയ്യാനാകണം. ഒട്ടേറെ മേഖലകളിൽ കൃഷി നശിച്ചിട്ടുണ്ട്. ഗതാഗതവും പഴയ സ്ഥിതിയിലാക്കിയിട്ടില്ല. റോഡ് തകർന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലവെള്ളപ്പാച്ചിലും പുഴകളുടെ കരകവിഞ്ഞൊഴുക്കും തുടരുകയാണ്. തീരപ്രദേശത്തേക്ക് ഈ വെള്ളം ഒഴുകിയെത്തുന്നതോടെ അവിടങ്ങളിലും കടുത്ത ജാഗ്രത ആവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു
അതി തീവ്രമഴയുടെയും ഉരുൾപൊട്ടലിന്റെയും സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. സ്ഥിതിഗതികൾ അന്വേഷിച്ചു. ആവശ്യമായ കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു.