ലണ്ടൻ
എഡ്വാർഡ് മെൻഡിക്ക് ചെൽസിയുടെ നന്ദി. മെൻഡിയുടെ മിടുക്കില്ലായിരുന്നെങ്കിൽ നവാഗതരായ ബ്രെന്റ്ഫോർഡ് ചെൽസിയെ തീർത്തേനെ. അവസാന നിമിഷങ്ങളിൽ മെൻഡി നടത്തിയ മിന്നുന്ന രക്ഷപ്പെടുത്തലുകളാണ് ചെൽസിക്ക് തുണയായത്. ബെൻ ചിൽവെലിന്റെ തകർപ്പൻ ഗോളിൽ 1–-0നാണ് ചെൽസി ജയിച്ചുകയറിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്താനും ചെൽസിക്ക് കഴിഞ്ഞു. ബ്രെന്റ്ഫോർഡ് കടുത്ത വെല്ലുവിളിയായിരുന്നു ഉയർത്തിയത്. ബ്രയാൻ എംബെയുമോയുടെ രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. അവസാന 15 മിനിറ്റിൽ ബ്രെന്റ്ഫോർഡ് സർവംമറന്ന് കളിച്ചു. പക്ഷേ, മെൻഡി മതിലായി. രണ്ട് ഗോളെന്നുറച്ച നീക്കങ്ങളെ ചെൽസി ഗോൾകീപ്പർ തടഞ്ഞു. ഒരുതവണ ചെൽസി പ്രതിരോധക്കാരൻ ട്രെവോ ചലോബാ ഗോൾവരയ്ക്ക് മുന്നിൽവച്ച് പന്തടിച്ച് അകറ്റി. ക്രിസ്റ്റ്യൻ നൊർഗാർദിന്റെ സിസർ കട്ട് മെൻഡി സാഹസികമായി തട്ടിയകറ്റുകയായിരുന്നു.















