മുംബൈ
ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരുക്കുക പുതിയ സംഘമാകും. നവംബർ 17ന് തുടങ്ങുന്ന ന്യൂസിലൻഡ് പരമ്പരയാകും ആദ്യ പരീക്ഷണം. മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് വരുമെന്ന വാർത്ത പ്രചരിക്കവേ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അപേക്ഷ ക്ഷണിച്ചു. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് പരിശീലകരേയും പുതുതായി നിയമിക്കും.
മുഖ്യകോച്ച് സ്ഥാനത്തേക്ക് 26 വരെ അപേക്ഷിക്കാം. മറ്റ് സ്ഥാനങ്ങളിലേക്കുള്ള സമയപരിധി നവംബർ മൂന്നാണ്. 30 ടെസ്റ്റോ 50 ഏകദിന മത്സരങ്ങളോ കളിച്ചവരാകണമെന്ന നിബന്ധനയുണ്ട്. അല്ലെങ്കിൽ രണ്ടു വർഷമെങ്കിലും ടെസ്റ്റ് രാജ്യങ്ങളുടെ പരിശീലകനായി പരിചയം വേണം. പ്രായം 60 വയസ്സിൽ കൂടാൻ പാടില്ല.
നിലവിലെ മുഖ്യകോച്ച് രവി ശാസ്ത്രി ലോകകപ്പോടെ സ്ഥാനം ഒഴിയും. ഭരത് അരുണാണ് ബൗളിങ് കോച്ച്. ആർ ശ്രീധർ ഫീൽഡിങ് കോച്ചും വിക്രം റാത്തോർ ബാറ്റിങ് കോച്ചുമാണ്.
ഇന്ത്യക്ക് ഇന്ന് പരിശീലനം ഇംഗ്ലണ്ടിനോട്
ദുബായ്
ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് പരിശീലനമത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ബുധനാഴ്ച ഓസ്ട്രേലിയക്കെതിരെ ഒരു പരിശീലന മത്സരംകൂടിയുണ്ട്. ലോകകപ്പിൽ 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി.