ദുബായ്
പേസർ ഭുവനേശ്വർ കുമാറിന്റെ പ്രകടനത്തിൽ ആശങ്കയില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ട്വന്റി–-20 ലോകകപ്പിൽ ഭുവനേശ്വർ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കോഹ്ലി പറഞ്ഞു. ഐപിഎല്ലിൽ പേസറുടെ പ്രകടനം മോശമായിരുന്നു. ആറു കളിയിൽ മൂന്ന് വിക്കറ്റുമാത്രമാണ് നേടാനായത്. അവസാനകളിയിൽ പരിക്ക് കാരണം ഇറങ്ങാനുമായില്ല.
ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന പേസർമാരിലൊരാളാണ് ഭുവനേശ്വർ. ‘പരിചയസമ്പന്നനാണ് ഭുവി. വഴങ്ങുന്ന റൺനിരക്ക് ഇപ്പോഴും കുറവാണ്. കൃത്യതയിലും മുന്നിൽ. ടീമിന് മുതൽക്കൂട്ടാണ് ഭുവി’–- കോഹ്ലി പറഞ്ഞു.
കൈക്കുഴ സ്പിന്നർമാരെ മറികടന്ന് ആർ അശ്വിന് അവസരം നൽകിയത് റൺ വഴങ്ങുന്നതിലെ മിടുക്ക് പരിഗണിച്ചാണെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. യുശ്വേന്ദ്ര ചഹാലിനെ ഒഴിവാക്കിയത് കടുത്ത തീരുമാനമായിരുന്നുവെന്നും ക്യാപ്റ്റൻ പറഞ്ഞു. രാഹുൽ ചഹാറിനെയാണ് പകരം ഉൾപ്പെടുത്തിയത്. ‘ചഹാർ കഴിഞ്ഞ രണ്ടുവർഷമായി മികച്ച രീതിയിലാണ് പന്തെറിയുന്നത്. വേഗത്തിൽ പന്തെറിയാൻ ചഹാറിന് കഴിവുണ്ട്. ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകൾക്കെതിെരെ ചഹാറിന്റെ മികവ് കണ്ടതാണ്. ചഹാലിനെ ഒഴിവാക്കിയത് വലിയ തീരുമാനമായിരുന്നു.’– കോഹ്-ലി പറഞ്ഞു