ന്യൂഡൽഹി
ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ പിന്നാക്കം പോയതിന് തെറ്റായ കണക്കുകളാണ് കാരണമെന്ന മോദി സർക്കാരിന്റെ അവകാശവാദം പൊളിച്ച് സൂചിക തയ്യാറാക്കിയ ഏജൻസികള്. വിവരശേഖരണം വിശ്വാസയോഗ്യമല്ലെന്നും അയൽരാജ്യങ്ങളുടെ കണക്ക് പെരുപ്പിച്ചു കാട്ടിയെന്നുമാണ് കേന്ദ്ര വനിതാ–- ശിശുക്ഷേമ മന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തല്. ആഗോള പട്ടിണിസൂചികയിൽ 101–-ാമതാണ് ഇന്ത്യ. 2020ൽ ഇന്ത്യ 94–-ാമത്. അഫ്ഗാനിസ്ഥാൻ ഒഴികെ അയൽരാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുന്നില്.
സൂചിക വിഷയവിദഗ്ധരുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പുറത്തുവിട്ടതാണെന്നും കണക്കില് പിഴവില്ലെന്നും ജർമൻ ഏജൻസി ഡബ്ല്യുഎച്ച്എച്ചും കൺസേൺ വേൾഡ്വൈഡും വ്യക്തമാക്കി. പോഷകാഹാരക്കുറവ് കണക്കാക്കാന് കുട്ടികളിലെ ഉയരക്കുറവും ഭാരക്കുറവുമൊക്കെ ഫോണിലൂടെ ചോദിച്ചറിയുകയായിരുന്നുവെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തിയത്. ഫോണിലൂടെ അഭിപ്രായമെടുത്തത് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവ സൂചികയ്ക്ക് വേണ്ടിയാണെന്നും ഇത് പട്ടിണി സൂചികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഏജൻസികൾ വ്യക്തമാക്കി.
പോഷകാഹാരക്കുറവ്, ഉയരത്തിനനുസരിച്ച് ഭാരമില്ലായ്മ, പ്രായത്തിനനുസരിച്ച് ഭാരമില്ലായ്മ, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് എന്നിവയാണ് സൂചികയ്ക്ക് ആധാരം. പോഷകാഹാരക്കുറവ് കലോറി ലഭ്യത ആധാരമാക്കിയാണ്. ഇത് ഒരു മേഖലയിലെ ഭക്ഷ്യവിതരണത്തെ അടിസ്ഥാനമാക്കി നിർണയിക്കുന്നതാണ്. പൊക്കവും ഭാരവും കണക്കാക്കിയല്ല. ഇതിന് ഔദ്യോഗിക കണക്കുതന്നെ അവലംബം. അയൽരാജ്യങ്ങളുടെ പോഷകാഹാരലഭ്യത സൂചിക പെരുപ്പിച്ചുകാട്ടിയെന്നതും ശരിയല്ല. ബംഗ്ലാദേശ് ഒഴികെ ഇന്ത്യയുടെ അയൽരാജ്യങ്ങൾ സൂചികയിൽ മുൻവർഷത്തേക്കാൾ പിന്നിലാണ്–- ഏജൻസികൾ വിശദീകരിച്ചു. സൂചികയ്ക്ക് അവലംബമായ സ്രോതസ്സുകൾ ഏതൊക്കെയെന്ന് ഏജന്സികള് ജൂലൈയിൽ കേന്ദ്രത്തെ അറിയിച്ചിരുന്നു.