ന്യൂഡൽഹി
ഇന്ധന ഉപയോഗം വർധിച്ചത് കൊണ്ടാണ് പെട്രോൾ–- ഡീസൽ വില ഉയരുന്നതെന്ന ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. കോവിഡിനുശേഷം പെട്രോൾ ഉപയോഗം 10–-15 ശതമാനവും ഡീസൽ ഉപയോഗം 6–-10 ശതമാനവും വർധിച്ചെന്ന് മന്ത്രി പറഞ്ഞു. വിലനിർണയത്തിന്റെ ‘ഗിയറു’കൾ തന്റെ കൈവശമല്ലെന്നും- മന്ത്രി പറഞ്ഞു.
അതേസമയം, പെട്രോൾ–- ഡീസൽ വില തുടർച്ചയായ നാലാം ദിവസവും ഉയർന്നു. മുംബൈയിൽ പെട്രോൾ വില സർവകാല റെക്കോഡായ 111.77 രൂപയായി. ഡീസൽ വില 102.02 രൂപ. മറ്റ് മെട്രോ നഗരങ്ങളിലും ഡീസൽ വില നൂറിനോടടുത്തു. പെട്രോൾ എക്സൈസ് തീരുവ 2014 ലെ 9.48 രൂപയിൽനിന്ന് 32.90 രൂപയായും ഡീസൽ തീരുവ 3.56 രൂപയിൽനിന്ന് 31.8 രൂപയായും മോദി സർക്കാർ വർധിപ്പിച്ചതാണ് വിലസ്ഥിതി രൂക്ഷമാക്കിയത്. 33 രൂപ പെട്രോൾ തീരുവയിൽ ഒന്നര രൂപയുടെ 41 ശതമാനം മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത്. ഡീസൽ തീരുവയിൽ 1.8 രൂപയുടെ 41 ശതമാനവും. ദിവസവും വില വർധിച്ചിട്ടും കൂട്ടിയ തീരുവ കുറയ്ക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്രം.