തിരുവനന്തപുരം: കനത്ത മഴയിൽ ദുരിതത്തിലായ കേരളത്തിന് കേന്ദ്ര സഹായം ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ആരായാൻ മുഖ്യമന്ത്രി പിണറായി വിജയനുമായിഅദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർഥിക്കുന്നതായി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു. പരിക്കേറ്റവരേയും ദുരിതബാധിതരെയും സഹായിക്കാൻ ഉത്തരവാദപ്പെട്ടവർ പ്രവർത്തിക്കുന്നുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മോദി പറഞ്ഞു.
സംസ്ഥാനത്തിന് കരകയറാൻ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. നിലവിൽ എൻഡിആർഎഫിന്റെ 11 സംഘത്തെയാണ് സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി തെക്കൻ ജില്ലകളിൽ തുടരുന്ന മഴക്കെടുതിയിൽ 23 പേരുടെ ജീവനാണ് നഷ്ടമായത്. തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഒക്ടോബർ 21 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Spoke to Kerala CM Shri @vijayanpinarayi and discussed the situation in the wake of heavy rains and landslides in Kerala. Authorities are working on the ground to assist the injured and affected. I pray for everyone’s safety and well-being.
— Narendra Modi (@narendramodi) October 17, 2021
content highlights:Heavy Rain in Kerala, PM Modi speaks to CM Pinarayi Vijayan