തൊടുപുഴ: കൊക്കയാറിൽ കുത്തിയൊലിച്ചെത്തിയ പാറയും വെള്ളവും ഏഴ് വീടുകളാണ് തകർത്തത്. ദുരന്തത്തിൽപ്പെട്ടവരിൽ അഞ്ചുപേരും കുട്ടികൾ. കുട്ടികളെല്ലാവരും പത്ത് വയസിൽ താഴെയുള്ളവരും. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കാണാതായവരിൽ ആറ് പേരുടെ മൃതദേഹങ്ങൾകൂടി ഇന്ന് കണ്ടെത്തിയത്. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
ഷാജി ചിറയിൽ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (10), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഫൗസിയയും മക്കളായ അമീനും അമ്നയും. ഫൗസിയയുടെ സഹോദരന്റെ മക്കളാണ് അഫ്സാനും അഹിയാനും.
രണ്ട് മണിയോടെ മണ്ണിൽ പുതഞ്ഞ കുട്ടികളുടെ മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുക്കുമ്പോൾ രണ്ട് കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിലായിരുന്നു. കല്ലുപുരയ്ക്കൽ വീട്ടിൽ ഫൈസലിന്റെ മക്കളായ അഖിയാൻ ഫൈസൽ, അഫ്സാൻ ഫൈസൽ എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പുണർന്ന നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അംന സിയാദിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഫൗസിയയുടേയും അമീന്റേയും മൃതദേഹങ്ങൾ കണ്ടെത്തി.
മുണ്ടക്കയത്തിന് സമീപം മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വയസുകാരനായ സച്ചു ഷാഹിലിനെയാണ് ഇവിടെ നിന്ന് കണ്ടാത്താനുള്ളത്. ഇത് സംബന്ധിച്ച് കൃത്യമായ വൃക്തത നൽകാൻ കുടുംബത്തിലുള്ളവർക്കും കഴിഞ്ഞിട്ടില്ല. കുട്ടി വീട്ടിലായിരുന്നു ഉണ്ടായിരുന്നതെന്നും അതല്ല, ഓട്ടോയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. ഒഴുക്കിൽപെട്ട് കാണാതായ ആൻസി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല
Content Highlights:Kokkayar landslide: Six Bodies including Four children recovered Kokkayar, Idukki