വർക്കല
ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിലേക്ക് 2021-–-26 വർഷത്തെ തെരഞ്ഞെടുപ്പ് ശിവഗിരി ബ്രഹ്മ വിദ്യാലയത്തിൽ നടന്നു. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പരാജയപ്പെട്ടു. നിലവിലെ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ നറുക്കെടുപ്പിലൂടെ വിജയിച്ചു.
റിട്ട. ജില്ലാ ജഡ്ജ് കെ വിശ്വനാഥൻ നായരായിരുന്നു റിട്ടേണിങ് ഓഫീസർ. ആകെ 43 വോട്ടർമാരിൽ മുഴുവൻ പേരും വോട്ടുകൾ രേഖപ്പെടുത്തി. 11 അംഗ ഭരണസമിതിയിൽ ശുഭാംഗാനന്ദ, സൂക്ഷ്മാനന്ദ, ഋതംഭരാനന്ദ, ഗുരുപ്രസാദ്, പരാനന്ദ, വിശാലാനന്ദ, സച്ചിദാനന്ദ, സദ്രൂപാനന്ദ എന്നിവർ ഭൂരിപക്ഷത്തോടെ വിജയിച്ചു.
വിശുദ്ധാനന്ദ, ശാരദാനന്ദ, ബോധി തീർഥ, നിത്യ സ്വരൂപാനന്ദ എന്നിവർക്ക് 21 വീതം വോട്ടുകൾ ലഭിച്ചു. ഇവരിൽ വിശുദ്ധാനന്ദ, ശാരദാനന്ദ, ബോധിതീർഥ എന്നീ മൂന്നുപേർ നറുക്കെടുപ്പിലൂടെ വിജയികളായി. സ്വാമി ശുഭാംഗാനന്ദ 26 വോട്ടുകൾ നേടി ഒന്നാമതെത്തി. സെപ്തംബർ 11 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 21 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച 11 പേരെയാണ് ട്രസ്റ്റ് ബോർഡംഗങ്ങളായി തെരഞ്ഞെടുത്തത്. ഇവരിൽ നിന്നും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ തെരഞ്ഞെടുക്കും.