ഇടുക്കി
ഇടുക്കിയിലും പദ്ധതി പ്രദേശങ്ങളിലും മഴ കനത്തതോടെ അണക്കെട്ടിലെ ജലനിരപ്പ് ശനി ഉച്ചയോടെ 2392.58 അടിയായി. സംഭരണശേഷിയുടെ 87 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ ദിവസം ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഒരാഴ്ചയായി ഇവിടെ കനത്തമഴയാണ്. ലോറേഞ്ചിലും ശക്തമായ മഴയുണ്ട്.
വൈദ്യുതോൽപാദനം കുറച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ല. ശനിയാഴ്ച 7.796 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. ചെറുകിട ഡാമുകളിൽ ജലം ഉയർന്നതിനാൽ സംഭരണി തുറന്നു വിട്ടു. മലങ്കര ഡാം ഷട്ടർ 1.30 മീറ്ററിലേക്ക് ഉയർത്തി. മുൻകരുതലെന്ന നിലയിൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തി.
മുല്ലപ്പെരിയാറിൽ 129.15 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനി പകൽ രണ്ടോടെ 129.15 അടിയായി ഉയർന്നു. രാവിലെ ആറിന് 128.8 അടിയായിരുന്നു. 24 മണിക്കൂറിനുള്ളിൽ തേക്കടിയിൽ രണ്ട് മില്ലിമീറ്ററും അണക്കെട്ട് പ്രദേശത്ത് 2.4 മില്ലിമീറ്ററും മഴ പെയ്തു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1438 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്.