കൊച്ചി
വഖഫ് സ്വത്തുക്കൾ അനർഹമായി കൈവശം വച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വഖഫ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. വഖഫ് ബോർഡിന്റെ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനും സ്വത്ത് ജനോപകാരപ്രദമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് ബോർഡ് ലക്ഷ്യമിടുന്നത്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുത്ത് സംരക്ഷിക്കാൻ മുത്തവല്ലിമാരുടെ സഹായം വേണം. ബോർഡിനുകീഴിലുള്ള ജമാഅത്തുകളും പള്ളികളും സംരക്ഷിക്കുന്നതിനൊപ്പം സർവേ -രജിസ്ട്രേഷൻ നടപടികളും കാര്യക്ഷമതയോടെ പൂർത്തിയാക്കും. സ്വത്തുവകകൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ ഹംസ അധ്യക്ഷനായി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൾ റഹിം മുഖ്യാതിഥിയായി.

വിവിധ വിഷയങ്ങളിൽ എറണാകുളം അഡീഷണൻ ജില്ലാ ജഡ്ജി കെ സോമൻ, അഡ്വ. എം കെ മൂസക്കുട്ടി, കബീർ ബി ഹാറൂൺ, പി എൻ വേണു, ടി എച്ച് അബ്ദുൾ അസീസ് എന്നിവർ ക്ലാസെടുത്തു. വ്യവസായ–-വഖഫ് സ്പോർട്സ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വഖഫ് ബോർഡ് സിഇഒ ബി എം ജമാൽ, ബോർഡ് അംഗങ്ങളായ അഡ്വ. എം ഷറഫുദീൻ, അഡ്വ. പി വി സൈനുദീൻ, റസിയ ഇബ്രാഹിം, പ്രൊഫ. കെ എം അബ്ദുൾ റഹിം, സി എം അബ്ദുൾ ജബ്ബാർ എന്നിവർ പങ്കെടുത്തു.