ന്യൂഡൽഹി
സിൻഘു അതിർത്തിയിൽ ദളിത് തൊഴിലാളിയെ ക്രൂരമായി കൊന്നതിൽ കുറ്റബോധമില്ലെന്ന് നിഹങ്ക് വിഭാഗക്കാരൻ സരബ്ജിത് സിങ്. കീഴടങ്ങിയ സരബ്ജിത്തിനെ കോടതി ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടു. നാല് കൂട്ടുപ്രതികളുടെ വിവരം ഇയാൾ കൈമാറി. ഇതിനിടെ കേസിൽ നാല്പേർകൂടി പിടിയിലായി. നിഹങ്ക് വിഭാഗക്കാരനായ നരേൻ സിങിനെ അമൃത്സറിലെ അമർകോട് ഗ്രാമത്തിൽനിന്നാണ് അറസ്റ്റുചെയ്തത്. കീഴടങ്ങിയതാണെന്ന് നരേൻ സിങ് അവകാശപ്പെട്ടു.
കുറ്റബോധമുണ്ടോയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സരബ്ജിത്തിന്റെ പ്രതികരണം. സരബ്ജിത് സിങ്ങിന്റെ അച്ഛൻ കശ്മീർസിങ്ങിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് പ്രക്ഷോഭവേദിക്കു സമീപം കൈയും കാലും ഛേദിച്ച നിലയിൽ ലഖ്ബീർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. മതഗ്രന്ഥത്തെ അവഹേളിച്ചെന്ന പേരിലാണ് കൊല. മുപ്പത്തഞ്ചുകാരന്റെ മൃതദേഹത്തിൽ മൂർച്ചയേറിയ ആയുധങ്ങളും വടികളുംകൊണ്ടുണ്ടായ 35 മുറിവ് ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകം കർഷകപ്രക്ഷോഭത്തെ ബാധിക്കില്ലെന്ന് കർഷക സംഘടനാ നേതാക്കൾ പ്രതികരിച്ചു. ഇതിന്റെ പേരിൽ പ്രക്ഷോഭത്തെ താറടിക്കാനുള്ള നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും കർഷകനേതാക്കൾ പറഞ്ഞു.
ഗൂഢാലോചനയെന്ന് ബന്ധുക്കൾ
ലഖ്ബീർ സിങ് ലഹരിക്ക് അടിമയായിരുന്നെന്നും മതഗ്രന്ഥത്തെ അവഹേളിച്ചെന്നും പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അടുത്ത ബന്ധുക്കൾ. ആരെങ്കിലും ലഹരി നൽകി അത്തരം കാര്യങ്ങൾ ചെയ്യിച്ചതാകാം. വിശദമായ അന്വേഷണം വേണമെന്നും സഹോദരീഭർത്താവ് സുഖ്ചേൻ സിങ് പറഞ്ഞു.