ശ്രീനഗർ
ജമ്മു കശ്മീരിലെ പൂഞ്ചിൽ ആറ് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിനിടെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറടക്കം രണ്ട് സൈനികർക്കുകൂടി വീരമൃത്യൂ. കാണാതായ ഇവരുടെ മൃതദേഹം 48 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഇതോടെ, മലയാളിയായ വൈശാഖ് അടക്കം വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം ഒൻപതായി. ജമ്മു കശ്മീരിൽ അടുത്തിടെ ഒരു ഏറ്റുമുട്ടലിൽ ഏറ്റവുംകൂടുതൽ സൈനികർ കൊല്ലപ്പെട്ട സംഭവമാണിത്. പൂഞ്ച്, രജൗരി ജില്ലകളുടെ അതിർത്തി വനമേഖലയിൽ സൈന്യം തെരച്ചിൽ തുടരുകയാണ്. ജമ്മു–- രജൗരി പാതയിൽ മെന്ധർമുതൽ തനാമണ്ടിവരെ ഗതാഗതം രണ്ടാം ദിവസവും നിർത്തിവച്ചു. മൂന്നു മാസമായി മേഖലയിലുള്ള ഭീകരരാണ് അക്രമത്തിനു പിന്നിലെന്ന് ഡിഎജി വിവേക് ഗുപ്ത പറഞ്ഞു.
2 ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പാംപോരയിൽ ലഷ്കറെ തയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖണ്ഡേ അടക്കം രണ്ടു ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാരെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട ഉമർ ആഗസ്തിൽ പൊലീസ് പുറത്തുവിട്ട 10 ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ പക്കൽനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, ശ്രീനഗറിലെ ഈദ്ഗാഹ് മേഖലയിൽ ബീഹാറി വഴിവാണിഭക്കാരനെയും പുൽവാമയിൽ യുപിക്കാരനായ മരപ്പണിക്കാരനെയും ഭീകരർ വെടിവെച്ചുകൊന്നു. പൗരൻമാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സുരക്ഷാസേന കഴിഞ്ഞദിവസം വധിച്ചിരുന്നു.