മാലിദ്വീപ്: സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് നേട്ടം. നായകന് സുനില്‍ ഛേത്രി, സുരേഷ് സിങ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കായി. പന്തടക്കത്തിലും മുന്നേറ്റത്തിലും ചടുലത മൈതാനത്ത് കണ്ടു. എന്നാല്‍ ആദ്യ പകുതിയില്‍ നേപ്പാളിന്റെ ഗോള്‍ വല തൊടാന്‍ ഇന്ത്യക്കായില്ല. നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം വിഫലമാകുന്നതാണ് കണ്ടത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ഉജ്വല തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. 49-ാം മിനിറ്റില്‍ നായകന് സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. പ്രീതം കോട്ടാലിന്റെ മനോഹരമായ ക്രോസില്‍ സുനില്‍ ഛേത്രിയുടെ ഹെഡര്‍. പന്ത് അനായാസം വലയിലെത്തി.
അടുത്ത നിമിഷം തന്നെ രണ്ടാം ഗോളും കണ്ടെത്തി ഇന്ത്യയുടെ പ്രഹരം. സുരേഷ് സിങ്ങിന്റെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ഗോളിന് പിന്നില്‍ യാസിറിന്റെ ബൂട്ടുകളും. പിന്നീട് ലീഡ് ഉയര്ത്താനായുള്ള ഇന്ത്യന്‍ താരങ്ങളുടെ ശ്രമങ്ങളായിരുന്നു മൈതാനത്ത്.
മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍കെയായിരുന്നു മലയാളി താരം സഹല്‍ കളത്തിലെത്തിയത്. നേപ്പാളിന്റെ രണ്ട് പ്രതിരോധ താരങ്ങലെ മറികടന്ന് സോളോ ഗോളിലൂടെ സഹല്‍ ഇന്ത്യയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
Also Read: ധോണിയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും: കോഹ്ലി
The post സാഫ്: ഗോളടിച്ച് സഹലും; നേപ്പാളിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം appeared first on Indian Express Malayalam.