തിരുവനന്തപുരം
സെപ്തംബർ 12ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ഉത്തരസൂചിക നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. എൻടിഎയുടെ neet.nta.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികളുടെ ഒഎംആർ ഉത്തര ഷീറ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ വ്യൂ ആൻഡ് ചാലഞ്ച് ആൻസർ കീ എന്ന ഭാഗത്ത് ലോഗിൻ ചെയ്ത് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. പരാതികൾ 17ന് രാത്രി ഒമ്പതുവരെ അറിയിക്കാം. ഇതിനുള്ള പ്രോസസിങ് ഫീസ് 17ന് രാത്രി പത്തുവരെ അടയ്ക്കാം.
ഒരു ഉത്തരം പരിശോധിക്കാൻ ആയിരം രൂപയാണ് ഫീസ്. വിഷയവിദഗ്ധർ പരിശോധിച്ച് കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ അന്തിമ ഉത്തരസൂചികയിൽ മാറ്റം വരുത്തും. പരാതികളും അപ്പീലുകളും പരിശോധിച്ച ശേഷമാകും ഫലപ്രഖ്യാപനം. നാലായിരത്തോളം കേന്ദ്രങ്ങളിലായി 16 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.