ന്യൂഡൽഹി
കൽക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും കോർപറേറ്റുകളെ സഹായിക്കുന്നതിനുള്ള കൃത്രിമ സൃഷ്ടിയാണെന്ന് സിഐടിയു. കൽക്കരി ഉൽപ്പാദനത്തിൽ റെക്കോഡ് വർധന വന്നിട്ടും ക്ഷാമം സംഭവിച്ചതെങ്ങനെയെന്ന് കേന്ദ്രം വ്യക്തമാക്കണം. ഏപ്രിൽ–- സെപ്തംബറില്‍ കോൾ ഇന്ത്യ റെക്കോഡ് ഉൽപ്പാദനം നടത്തി. കേന്ദ്രത്തിന്റെ അറിവോടെ നിക്ഷിപ്ത താൽപ്പര്യക്കാരാണ് ക്ഷാമം സൃഷ്ടിച്ചത്. കേന്ദ്ര വൈദ്യുതി അതോറിറ്റി മാനദണ്ഡപ്രകാരം നിലയങ്ങളിൽ 20 ദിവസത്തെ കൽക്കരിയുണ്ടാകണം. ഇത് പാലിക്കാത്തതിന്റെ ഉത്തരവാദി കേന്ദ്രമാണ്. ആവശ്യം കുറഞ്ഞതിനാൽ ഉപകമ്പനികൾ ഉൽപ്പാദനം കുറയ്ക്കാൻ നിർബന്ധിതരായെന്നും ഒരു പരിധിക്കപ്പുറം കൽക്കരി ശേഖരിച്ചുവച്ചാൽ ഉപയോഗശൂന്യമാകുമെന്നും കോൾ ഇന്ത്യ ചെയർമാൻ പറഞ്ഞു. കൃത്രിമ ക്ഷാമം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇതിൽനിന്ന് വ്യക്തം. പ്രതിദിനം ആവശ്യമായ 18.4 ലക്ഷം ടൺ കൽക്കരി നല്കാന് കോൾ ഇന്ത്യക്കും മറ്റ് ഖനികൾക്കും സാധിക്കുന്നു.
അന്താരാഷ്ട്ര വിപണിയിൽ കൽക്കരി വില ഒരു മാസത്തിനിടെ 60 ഡോളറിൽനിന്ന് 240 ഡോളറായി. ഗുജറാത്തില്‍ ടാറ്റ,അദാനി താപനിലയങ്ങളക്കം ഇറക്കുമതി കൽക്കരിയാണ് ഉപയോഗിക്കുന്നത്. നിരക്കുവർധന ആവശ്യപ്പെട്ട് ടാറ്റയും അദാനിയും സെപ്തംബർ മൂന്നാം വാരംമുതൽ ഉൽപ്പാദനം നിർത്തി. യൂണിറ്റിന് ഒമ്പത് രൂപയിൽനിന്ന് 21 രൂപയാക്കാന്‍ കേന്ദ്രം അനുമതി നൽകി.
പ്രതിസന്ധിയുടെ പേരിൽ വില വീണ്ടും കൂട്ടാനാണ് നീക്കം. കോർപറേറ്റുകളുടെ കൊള്ളലാഭത്തിനായി കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ് പ്രതിസന്ധിയെന്ന് വ്യക്തം. ശക്തമായ എതിർപ്പ് ഉയർത്തിയില്ലെങ്കിൽ കൽക്കരി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കും. കോൾ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി വിറ്റഴിക്കാനുള്ള ഗൂഢാലോചനയും സംശയിക്കണം. വലിയ പോരാട്ടത്തിന് യൂണിയനുകൾ തയ്യാറെടുക്കണമെന്നും- സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.