നാഗ്പൂര് > ഒടിടി പ്ലാറ്റ്ഫോമുകള്ക്കെതിരെ ആര്എസ്എസ് സര്സംഘചാലക് മോഹന് ഭാഗവത്. ഒടിടി വഴി പ്രദര്ശിപ്പിക്കുന്നവയുടെ ഉള്ളടക്കം സര്ക്കാര് നിയന്ത്രിക്കണമെന്നും മോഹന് ഭാഗവത് ആവശ്യപ്പെട്ടു. വിജയദശമി ദിനത്തില് ആര്എസ്എസ് ആസ്ഥാനത്ത് പ്രവര്ത്തകരെ അഭിസംബോധന ചെയ്യവെയാണ് മോഹന് ഭാഗവതിന്റെ ആഹ്വാനം.
‘ഒടിടി പ്ലാറ്റ്ഫോമുകള് വഴി എന്താണ് കാണിക്കുന്നത് എന്നതിന് യാതൊരു നിയന്ത്രണവുമില്ല. സ്കൂള് വിദ്യാര്ഥികളുടെ കയ്യിലെല്ലാം ഇപ്പോള് മൊബൈല് ഫോണുകളുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളെ കെട്ടഴിച്ചുവിട്ടാല് ഇന്ത്യയ്ക്ക് നാശമുണ്ടാകും’ -മോഹന് ഭാഗവത് പറഞ്ഞു.
നേരത്തെയും ആര്എസ്എസ് ഒടിടികള്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യന് സംസ്കാരത്തെ അപകീര്ത്തിപ്പെടുത്തുന്ന വിധത്തിലാണ് ആമസോണ് പ്രൈംവീഡിയോയിലെ ഉള്ളടക്കമെന്ന് ആര്എസ്എസ് അനുകൂല മാസികയായ ‘പഞ്ചജന്യ’ ആരോപിച്ചിരുന്നു. ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’ എന്നാണ് ആമസോണിനെ പഞ്ചജന്യ വിശേഷിപ്പിച്ചത്. താണ്ടവ്, പതാല്ലോക്, ദി ഫാമിലി മാന് തുടങ്ങിയ സീരീസുകള്ക്കെതിരെയും സംഘപരിവാര് സംഘടനകള് രംഗത്തെത്തിയിരുന്നു.