കൊച്ചി: പാർട്ടി അച്ചടക്ക നടപടി നേരിട്ട ശേഷം വർഗബഹുജന സംഘടനകളുടെ പദവിയിൽ തുടരുന്നത് ശരിയല്ലെന്നതു കൊണ്ടാണ് സി.ഐ.ടി.യു. ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കുന്നതെന്ന് സി.പി.എം. നേതാവ് സി.കെ.മണിശങ്കൾ. സെപ്തംബർ 28ന് നടപടി വന്ന ശേഷം ഒരു പാർട്ടി പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും അച്ചടക്കമുള്ള പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
സി.ഐ.ടി.യു. എറണാകുളം ജില്ലാ സെക്രട്ടറി പദവി ഉൾപ്പെടെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ മണിശങ്കർ സി.ഐ.ടി.യു. സംസ്ഥാനാ സെക്രട്ടറിക്കും സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിയ്ക്കും കത്തു നൽകിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ മണ്ഡലങ്ങളിലെ തോൽവിയുടെ പേരിൽ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മണിശങ്കർ ഉൾപ്പെടെയുള്ള നേതാക്കളെ സി.പി.എം. സംസ്ഥാന നേതൃത്വം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതിനെതിരേ പാർട്ടിയ്ക്കകത്തു നിന്നുതന്നെ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് മണിശങ്കറിന്റെ രാജി.
തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി ഡോ. ജെ. ജേക്കബിന്റെ തോൽവിയുടെ പേരിലാണ് മണിശങ്കറിന് നടപടി നേരിടേണ്ടിവന്നത്. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി വന്ന പശ്ചാത്തലത്തിൽ നേതാക്കൾ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു.
അതേസമയം, മണിശങ്കറിനെതിരായ നടപടി കടുത്തുപോയെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്ക് തന്നെ അഭിപ്രായമുണ്ട്. ആരോപണ വിധേയരായ നേതാക്കൾക്കെതിരായ കുറ്റങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരുന്നെങ്കിലും ചെറിയ ആരോപണം നേരിട്ടവർക്കും ഒരേ ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് മണിശങ്കറിനെ അനുകൂലിക്കുന്നവർ പറയുന്നു. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് നിയോഗിച്ച സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് തോൽവിയുടെ പേരിൽ ഒരു നടപടിയും നേരിടേണ്ടിവന്നിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തൃക്കാക്കരയിലെ തോൽവിയ്ക്ക് സ്ഥാനാർഥി നിർണയത്തിലെ അപാകത തന്നെയാണ് മണ്ഡലത്തിലെ ഭൂരിപക്ഷം പാർട്ടി പ്രവർത്തകരും ഇപ്പോഴും കാരണമായി കരുതുന്നത്. കോൺഗ്രസിന് വലിയ സ്വാധീനമുള്ള പി.ടി.തോമസിനെ പോലെ ശക്തനായ നേതാവ് മത്സരിക്കുന്ന മണ്ഡലത്തിൽ അണികൾക്ക് പോലും പരിചയമില്ലാത്ത സ്ഥാനാർഥിയെ കൊണ്ടുവന്നത് വിജയസാധ്യത ഗണ്യമായി കുറച്ചെന്നും മണ്ഡലത്തിലെ തന്നെ സമുദായ സമവാക്യങ്ങൾക്ക് എതിരായിരുന്നു സ്ഥാനാർഥി നിർണയമെന്നും അവർ വാദിക്കുന്നു.