ഇടുക്കി: ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇടുക്കിയിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ 2390.86 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണപരിധി 2403 അടിയാണ്. അതേസമയം ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
ഡാമിലെ ജലനിരപ്പ് 2396 അടിയായാൽ മാത്രമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുക. റെഡ് അലേർട്ട് പ്രഖ്യാപിക്കണമെങ്കിൽ ജലനിരപ്പ് 2397 അടിയാകണം. പരമാവധി സംഭരണ പരിധിയായ 2403 അടിയിൽ ജലനിരപ്പ് എത്തിയാൽ മാത്രമേ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയുള്ളു. ഇതിന് 36 മണിക്കൂർ മുൻപെങ്കിലും ബ്ലൂ അലേർട്ട് പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര ജല കമ്മിഷൻ നിർദേശം. അതേത്തുടർന്നുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ജാഗ്രതാ നിർദേശം.
നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നില്ല. നീരോഴുക്കും കുറവാണ്. അതുകൊണ്ട് തന്നെ നിലവിലെ അവസ്ഥയിൽ ഡാമിലെ ജലനിരപ്പ് ഇനി ഉയരാൻ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട് എന്നിവയൊഴികെയുള്ള ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും കണ്ണൂർ കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസം അറബിക്കടലിലും ബംഗാൾ ഉൽക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അത് കണക്കിലെടുത്തുള്ള മുൻകരുതൽ വേണം. തീരദേശ മേഖലയിലും ജാഗ്രതാ നിർദേശമുണ്ട്. മഴ കണക്കിലെടുത്ത് ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.
Content Highlights: heavy rain in forecast for kerala and blue alert for idukki