ചെറുതോണി > പഴനി – ശബരിമല തീർഥാടന ഹൈവേ ഇടുക്കിക്ക് നഷ്ടപ്പെട്ടേക്കും. രണ്ടര വർഷമായി തുടർപ്രവർത്തനങ്ങളോ ഇടപെടലുകളോ ഉണ്ടാകാത്തതാണ് കാരണം. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ഡോ. നിതിൻ ഗഡ്കരി മൂന്നാറിൽ നേരിട്ടെത്തിയാണ് 2018ൽ പുതിയ ഹൈവേ പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന തീർഥാടന കേന്ദ്രങ്ങളായ പഴനിയെയും ശബരിമലയെയും തമ്മിൽ റോഡുമാർഗം ബന്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രഖ്യാപനമാണ് അന്നുണ്ടായത്.
ഇരുസംസ്ഥാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംസ്ഥാനാന്തര പാതയ്ക്ക് 377 കിലോമീറ്റർ ദൂരമാണ് പ്രാഥമിക എസ്റ്റിമേറ്റിൽ നിശ്ചയിച്ചിരുന്നത്. കേന്ദ്രഹൈവേ മന്ത്രാലയത്തിന്റെ നിർദേശാനുസരണം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2150 കോടിയുടെ പ്രാഥമിക എസ്റ്റിമേറ്റും തയ്യാറാക്കി നൽകിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതിയായിരുന്ന 381.6 കോടിയുടെ മൂന്നാർ – പൂപ്പാറ–- ബോഡിമെട്ട് പാതയുടെ ഉദ്ഘാടനത്തിന് നിതിൻ ഗഡ്കരി മൂന്നാറിൽ എത്തിയപ്പോഴായിരുന്നു തീർഥാടന ഹൈവേ പ്രഖ്യാപിച്ചത്.
പാർലമെന്റിനകത്തും ഹൈവേ മന്ത്രാലയം കേന്ദ്രീകരിച്ചും മുൻ എംപി ജോയ്സ് ജോർജ് നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് തീർഥാടന ഹൈവേ അനുവദിച്ചത്. ജില്ലയുടെ കാർഷിക, ടൂറിസം വികസന സാധ്യതകൾക്ക് ആക്കം കൂട്ടുന്നതാണ് നിർദിഷ്ട ഹൈവേ. കാർഷിക മേഖലയിലൂടെ പോകുന്ന ഹൈവേ ഒരേ സമയം തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും കർഷകർക്കും വലിയ പ്രതീക്ഷ നൽകിയിരുന്നു. നാണ്യവിളകൾ തമിഴ്നാട്ടിലെ വാണിജ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ വ്യാപാരമേഖലയുടെ കുതിപ്പിനും ഹൈവേ ലക്ഷ്യം വച്ചിരുന്നു.