“ഉത്രയുടെ അച്ഛൻ കോടതിയിൽ പറഞ്ഞ മൊഴികൾ മാത്രം നിങ്ങൾ വായിച്ചു നോക്കിയാൽ മതി. എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസിലാകും. കോടതിയിൽ ഉത്രയുടെ അച്ഛൻ നൽകിയ മൊഴി ഇനി ആർക്കും മാറ്റാനാകില്ലല്ലോ. ഉത്രയെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും എന്റെ കുഞ്ഞിനെക്കുറിച്ചും മാധ്യമങ്ങൾ പറയുന്നത് കഥകളാണ്. ഉത്ര ബിഎ വരെ പഠിച്ച ആളാണ്. ഉത്രയുടെ അച്ഛനോട് ചോദിച്ചാൽ മതി.” എന്നായിരുന്നു സൂരജിന്റെ പ്രതികരണം. എന്നാൽ കൂടുതൽ പ്രതികരിക്കാൻ പോലീസ് സൂരജിനെ അനുവദിച്ചില്ല. സൂരജ് ഇത്തരത്തിൽ പ്രതികരിക്കാനുള്ള കാരണം വ്യക്തമല്ല.
കേസിൽ സൂരജിന് പതിനേഴ് വർഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചിരിക്കുന്നത്. സൂരജ് ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നേക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു. സൂരജിനെതിരായ രണ്ട് കേസുകളിൽ ജീവപര്യന്തവും മറ്റു രണ്ട് കേസുകളിൽ പത്ത് വര്‍ഷവും ഏഴു വര്‍ഷവും വീതം തടവുശിക്ഷയുമാണ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിയിച്ചിട്ടുണ്ട്.
2020 മെയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശേരിൽവീട്ടിൽ ഉത്ര (25)യെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് സൂരജ് (27) ഭാര്യയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ ഒഴിവാക്കുന്നതിനും സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിരുന്നു കൊലപാതകം.
കേസ് അപൂര്‍വങ്ങളിൽ അപൂര്‍വമാണെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പ്രതിയുടെ പ്രായവും മുൻപ് കേസുകളില്ലെന്ന ആനുകൂല്യവും കണക്കിലെടുത്ത് പ്രതിയ്ക്ക് വധശിക്ഷ നല്കാൻ കോടതി തയ്യാറായില്ല. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനുമാണ് സൂരജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
തെളിവു നശിപ്പിച്ചതിനു 7 വര്‍ഷം തടവും വിഷവസ്തു ഉപയോഗിച്ചതിന് 10 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. കൂടാതെ തെളിവ് നശിപ്പിച്ചതിന് പതിനായിരം രൂപ പിഴയും വിഷവസ്തു ഉപയോഗിച്ചതിന് 25000 രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകശ്രമത്തിന് 50,000 രൂപ പിഴയും കൊലക്കുറ്റത്തിന് അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ജീവപര്യന്തം ശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണെന്നും സര്‍ക്കാരുകള്‍ ഇളവ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുറത്തിറങ്ങാൻ സാധിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു.